Timely news thodupuzha

logo

ഭോപ്പാലിൽ സർക്കാർ ആശുപത്രിയിലേക്ക് ഓടികയറി അജ്ഞാതൻ നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഭോപ്പാൽ: സർക്കാർ ആശുപത്രിയിൽ അജ്ഞാതൻ ഓടിക്കയറി നഴ്‌സിനെ കഴുത്തറുത്ത് കൊന്നു. മധ്യപ്രദേശിലെ നർസിംഗ്പുർ ജില്ലാ ആശുപത്രിയിൽ ട്രെയിനി നഴ്‌സായ സന്ധ്യ ചൗധരിയാണ്(23) കൊല്ലപ്പെട്ടത്.

പ്രതി ആരെന്നത് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പ്രാദേശിക മധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച(ജൂൺ 27) വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കൈയിൽ കത്തിയുമായി എത്തിയ പ്രതി നേരെ ആശുപത്രിയിലെ എമർജൻസി വാർഡ് ഭാഗത്തേക്ക് ഓടിക്കയറുകയായിരുന്നു.

ഈ സമയം, വാർഡിനു പുറത്ത് നിൽ‌ക്കുകയായിരുന്ന സന്ധ്യയെ പിടിച്ചുനിർത്തി പ്രതി സംസാരിക്കുകയും, പിന്നാലെ മർദിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ആശുപത്രിയിൽ ആളുകൾ നോക്കിനിൽക്കെയാണ് പ്രതി സന്ധ്യയെ ആക്രമിച്ചത്.

ചുറ്റും നിന്ന ആളുകൾ ബഹളം വയ്ക്കാൻ തുടങ്ങിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. സംഭവം നടക്കുമ്പോൾ താൻ ഓഫീസിലായിരുന്നെന്നും ആളുകളുടെ നിലവിളി കേട്ടാണ് ഓടിയെത്തിയതെന്നും ജില്ലാ ആശുപത്രി സിവിൽ സർജൻ ഡോ. ജിസി ചൗരസ്യ പറഞ്ഞു.

പ്രതിയെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് കോട്‌വാലി പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് ഗൗരവ് ഘാട്ടെ പറഞ്ഞു. സന്ധ്യയുമായി ബന്ധമുണ്ടായിരുന്ന യുവാവാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. രക്ഷപ്പെട്ട പ്രതിക്കായി ഊർജിത തെരച്ചിൽ നടക്കുകയാണെന്നും കോട്‌വാലി പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *