തൃശൂർ: കുതിരാനിൽ ലോറിയിടിച്ച് മരിച്ച യുവതിയെയും യുവാവിനെയും തിരിച്ചറഞ്ഞു. കൊച്ചിയിലെ അക്ഷയ സെൻറർ ഉടമ കലൂർ സ്വദേശി മാസിൻ അബാസ്, സുഹൃത്തായ ആലപ്പുഴ നൂറനാട് സ്വദേശി ദിവ്യ എന്നിവരാണ് മരിച്ചത്.
ഹെൽമറ്റ് താഴെ വീണപ്പോൾ എടുക്കാനിറങ്ങിയപ്പോഴാണ് ഇരുവരെയും ലോറിയിടിച്ചത്. ഇരുവരുടെയും ദേഹത്ത് കൂടി ലോറി കയറിയിറങ്ങുകയായിരുന്നു. പാലക്കാട് റൈഡിന് പോയി ബൈക്കിൽ മടങ്ങുന്നതിനിടെ കുതിരാൻ തുരങ്കത്തിന് സമീപമുള്ള പാലത്തിൽ രാത്രി ഒൻപതരയോടെയാണ് അപകടം ഉണ്ടായത്. റോഡിലേക്ക് തെറിച്ചു വീണ ഹെൽമറ്റ് എടുക്കുന്നതിനായി പെട്ടെന്നു നിർത്തിയ ബൈക്കിനു പിന്നിലായി പാലുമായി പോയ ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൻറെ പകുതിയോളം ഭാഗവും യാത്രക്കാരും ലോറിയുടെ ടയറിനടിയിൽ കുടുങ്ങുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനുശേഷം ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റിയ ശേഷമാണ് വണ്ടിക്കടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.





