കുമളി: പണിമുടക്ക് ദിവസം ജോലിക്കെത്തിയ സർക്കാർ ജീവനക്കാരനെ സിപിഎം പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. അടിമാലി വടക്കേക്കര വിഷ്ണു രാധാകൃഷ്ണനാണ് സിപിഎം ഗുണ്ടകളുടെ ആക്രമണത്തിൽ പരിക്ക് പറ്റിയത്. കുമളി മുല്ലപെരിയാർ ന്യൂ ഡാം ഇൻവെസ്റ്റിഗേഷൻ സബ് ഡിവിഷൻ ഓഫീസിലാണ് സംഭവം. ഈ ഓഫീസിലെ ക്ലർക്കാണ് വിഷ്ണു. കഴിഞ്ഞ ഡിസംബറിൽ ജോലി കിട്ടിയ വിഷ്ണു പരിശീലന കാലവധിയായതിനാൽ ജോലിക്ക് എത്തുകയായിരുന്നു. ഓഫീസ് തുറന്നതേ സിപിഎം പ്രാദേശിക പ്രവർത്തകർ എത്തി ഓഫീസ് അടക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പരിശീലന കാലാവധിയായതിനാൽ പണിമുടക്കാൻ ബുദ്ധിമുട്ട് ഉണ്ട് എന്ന് വിഷ്ണു സമരാനുകൂലികളെ അറിയിച്ചു. വിഷ്ണു ഉൾപ്പെടെ 8 പേർ ഈ സമയം ഓഫീസിൽ ഉണ്ടായിരുന്നു. ആ സമയം തിരികെ പോയ സി പി എം പ്രവർത്തകർ പിന്നീട് കൂടുതൽ പ്രവർത്തകരുമായി തിരികെ വന്ന് വിഷ്ണുവിനെ സംഘം ചേർന്ന് വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. വനിതാ ജീവനക്കാരുടെ മുന്നിൽ വെച്ചാണ് ഇവർ വിഷ്ണുവിനെ മർദ്ദിച്ചത്. പരിക്കേറ്റ വിഷ്ണു കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി. ഇതു സംബന്ധിച്ച് വിഷ്ണു കുമളി പോലീസിൽ പരാതി നൽകി.
പണിമുടക്ക് ദിവസം ജോലിക്കെത്തിയ സർക്കാർ ജീവനക്കാരനെ സിപിഎം പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചു; പരിശീലന കാലാവധിയായതിനാൽ പണിമുടക്കാൻ കഴിയില്ലെന്ന് പറഞ്ഞിട്ടും ക്രൂര മർദനം






