സ്കൂൾ വിദ്യാർത്ഥികളെയും കൊണ്ട് പഠനയാത്ര പോകുന്നതു പതിവാണ്. എല്ലാ വർഷവും പരീക്ഷക്കും കലോത്സവത്തിവനുമൊക്കെ ഇടയിൽ ഇതിനായി കുറച്ച് ദിസവങ്ങൾ കണ്ടെത്താതെയിരിക്കില്ല. പഠനത്തോടൊപ്പം തന്നെ യാത്രയും കുട്ടികൾക്ക് ആവശ്യമാണെന്ന് മനശാസ്ത്ര വിദഗ്ദർ വരെ ആഭിപ്രായപ്പെടുന്നുണ്ട്.
ഈ യാഥാർത്ഥ്യം അത്രമേൽ മനസ്സിലാക്കി അംഗീകരിക്കുന്നതു കൊണ്ട് എത്ര പ്രയാസ്സപ്പെട്ടും കുരുന്നുകളെ അദ്ധ്യാപകർ പുറം ലോകത്തെ കാണാകാഴ്ചകളിലേക്കും കൈപിടിച്ചു നടത്തും. എന്നാൽ യാത്രകളുടെ അനുഭവം മനസ്സിൽ തങ്ങിക്കിടക്കുന്നതും വിദ്യാഭ്യാസ കാലഘട്ടത്തിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്നതുമാവണം. ഇത്തരത്തിൽ പ്രാധാന്യം നിറഞ്ഞ സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അദ്ധ്യാപകർ ഒരുപാട് കഷ്ടപ്പെടാറുണ്ട്.
എല്ലാത്തിനും പുറമെ സുരക്ഷിതത്വവും. ഇങ്ങനെ പല ഘടകങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ട് വരുമ്പോൾ മിക്കപ്പോഴും സ്കൂൾ പരിസരത്തു നിന്നും അധികം ദൂരമില്ലാത്ത പ്രദേശത്തേക്കാകും യാത്ര തിരിക്കേണ്ടി വരിക. ഉദ്ദേശിച്ച ഫലപ്രാപ്തി ലഭിക്കുകയുമില്ല. നമ്മുടെ നാട്ടിലില്ലാത്ത സംഭവങ്ങൾ കണ്ട് ആസ്വദിക്കുവാൻ കുട്ടികൾക്ക് അവസരവും കിട്ടില്ല. മിക്കപ്പോഴും ഇടുക്കി പോലുള്ള ജില്ലകളിലെ കുട്ടികളെയും കൊണ്ട് അദ്ധ്യാപകർ പോകുന്നത് കടൽ തീരങ്ങളിലേക്കാണ്.
പുസ്തകങ്ങളിൽ മാത്രം വായിച്ചറിഞ്ഞിട്ടുള്ള കടൽ നമ്മുടെ നാട്ടിലെ കുട്ടികൾ വ്യത്യസ്തമായ കാഴ്ച വിഭാവനം ചെയ്യുന്നു. നിഷ്കളങ്കവും വിസ്മവുമായ നോട്ടം കൊണ്ട് അവരതിനെ കണ്ണുകൾക്കിടയിൽ ഒളിപ്പിക്കും. സമുദ്രം ഒരു പ്രകൃതി വരദാനമാണ്. അതേസമയം ട്രെയിനും, വിമാനവുമെല്ലാം വികസനത്തിന്റെ പിന്നോക്കാവസ്ഥ കൊണ്ട് ഇവിടേക്ക് എത്തിയിട്ടില്ലാത്ത യന്ത്രവൽകൃത യാത്രാ സംവിധാനങ്ങളല്ലേ? ഇത്തരം പ്രവർത്തനോപകരണങ്ങൾ കുട്ടികൾക്ക് ദൃശ്യമാക്കുകയെന്നത് ഓരോ അദ്ധ്യാപകരുടെയും ആഗ്രഹമാണ്. പക്ഷെ ചെലവ് ഒരുപാട് വേണ്ടി വരുന്നതിനാലും സാധാരണ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അത് താങ്ങാനാവാത്തതിനാലും ഈ ആഗ്രങ്ങളെല്ലാം ഉപേക്ഷിക്കും.
എന്നാൽ, തൊടുപുഴയിലെ കാപ്പ് സ്കൂളിലെ അദ്ധ്യാപർ ചേർന്ന് ഒരുക്കിയ വിനോദയാത്ര തികച്ചും വേറിട്ടതായിരുന്നു. ബാംഗ്ലൂരിലേക്ക്… അതും വിമാനത്തിൽ… സ്കൂളിലെ ഒരു അദ്ധ്യാപിക ഫേസ് ബുക്ക് പേജിലൂടെ തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളെയും കൂട്ടി യാത്ര പോയതിനെ പറ്റിയും ഇതിനായുള്ള പണം സമാഹരിച്ചതെങ്ങിനെയെന്നും പ്രചേദനമാകും വിധം കുറിപ്പ് പങ്കുവെച്ചിരുന്നു..
അതിൽ നിന്നും; “നിങ്ങൾ ഇടുക്കി ജില്ലക്കാർക്ക് ട്രെയിനും വിമാനവും ഒന്നും ഇല്ലല്ലേ. ബസ്സിൽ മാത്രമല്ലെ കയറി ശീലമുള്ളൂ”. മിക്ക ഇടുക്കി ജില്ലക്കാരും പുറത്തു പഠിക്കാനോ ജോലിക്കോ പോയാൽ കേട്ട് പഴകിയ ഒരു ചോദ്യമായിരിക്കും ഇത്, കാപ്പ് സ്കൂളിലെ കുട്ടികളൊഴിച്ച്.
ഞങ്ങളിങ്ങനൊക്കെയാണ് ഭായ്…
നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളെയും കൊണ്ട് വിമാനത്തിൽ ടൂർ പോവുക എന്നത്, അതും ഒരു എയ്ഡഡ് സ്കൂളിലെ വളരെ സാധാരണക്കാരായ കുട്ടികളെയും കൊണ്ട്, പ്രായോഗികമാക്കാൻ അല്പം ബുദ്ധിമുട്ടാണ്. പക്ഷെ അത് പ്രായോഗികമാക്കുന്ന ഒരു സ്കൂളാണ് എന്റെ സ്കൂൾ, കാപ്പ് സ്കൂൾ.
ആദ്യമായി ഫ്ലൈറ്റിൽ കയറുന്ന അമ്പരപ്പും സന്തോഷവും മൂലം ഉറക്കം പോലും ഇല്ലാത്ത ദിവസങ്ങളായിരുന്നു എല്ലാ കുരുന്നുകൾക്കും കടന്ന് പോയത്. ഇത്രയും കുട്ടികളെ അതും ഒൻപതും, പത്തും വയസ്സുള്ള കുസൃതിക്കുരുന്നുകൾ,കേരളത്തിന് പുറത്തു കൊണ്ട് പോകുന്നതിന്റെ റിസ്കിനെക്കുറിച്ചുള്ള ചെറിയൊരു ടെൻഷൻ ഞങ്ങൾക്കും. ഇതൊന്നും അത്ര വലിയ കാര്യമല്ലന്നും നമ്മൾക്കിതൊക്കെ നിസ്സാരമായി സാധിക്കുമെന്നുമുള്ള രീതിയിൽ ഞങ്ങൾക്ക് ധൈര്യം തന്ന് മുന്നിൽ നിൽക്കാൻ ഈ പരിപാടിയുടെ ആസൂത്രകനും ഞങ്ങളുടെ ഹെഡ് മാഷുമായ വിധു നായർ ഉള്ളപ്പോൾ ഞങ്ങൾ കട്ടക്ക് സപ്പോർട്ട് ചെയ്ത് കൂടെ നിന്നല്ലേ മതിയാകൂ. ആദ്യഘട്ടത്തിൽ വിധു മാഷ് അടക്കമുള്ള ഞങ്ങൾ അധ്യാപകർ സാമ്പത്തികമായി പ്രശ്നമുള്ള കുട്ടികൾക്കുള്ള ധനസമാഹരണം നടത്തി. എല്ലാവരുടെയും തന്നെ അടുത്ത സുഹൃത്തുക്കളും,ബന്ധുക്കളും വളരെ സന്തോഷത്തോടെ ഈ സ്നേഹയാനം പരിപാടിയിൽ പങ്കാളികളായി. ( പിന്നെയും തികയാതെ വന്ന തുക ഹെഡ്മാഷ് സ്വന്തം പോക്കറ്റിൽ നിന്ന് നൽകി മാതൃകയായി )
ഫെബ്രുവരി 23നു രാവിലെ 9 മണിക്ക് നെടുമ്പാശേരിയിൽ നിന്നും ബാംഗ്ലൂർക്കുള്ള ഫ്ലൈറ്റിൽ നാലാം ക്ലാസുകാരായ 55 കുട്ടികളെയും കൊണ്ട് ഞങ്ങൾ യാത്ര പുറപ്പെട്ടു. വിമാനത്താവളത്തിൽ ചെന്നപ്പോൾ മുതൽ കുരുന്നു കണ്ണുകളിൽ വിടർന്നു വന്ന കൗതുകവും സന്തോഷവും അമ്പരപ്പുമെല്ലാം ഞങ്ങളിൽ ഇരട്ടി മധുരമായി പെയ്തിറങ്ങി. അച്ഛനോളം, അമ്മയോളം വിശ്വസിക്കുന്ന ഞങ്ങളുടെ കൈകളിൽ തൂങ്ങി ഞങ്ങളോടോട്ടി ഒരു കുറുമ്പും കാണിക്കാതെ അവരും വളരെ പക്വതയുള്ള മിടുക്കൻമാരും മിടുക്കികളുമാണെന്ന് പറയാതെ തന്നെ തെളിയിച്ചു.
ചെക്കിൻ ചെയ്തു വിമാനത്തിനുള്ളിൽ കയറി ഇരുന്നപ്പോൾ പലർക്കും അല്പം ഭയമുണ്ട്, കണ്ണുകളിൽ ഞങ്ങൾക്കത് വായിച്ചറിയാമെങ്കിലും അഭിമാനികളായ പലരും അത് തുറന്ന് പറഞ്ഞില്ല. വിമാനം പറന്നു പൊങ്ങിയപ്പോൾ കുട്ടികളുടെ അത്ഭുതവും ആവേശവും കുരുന്നു സംശയങ്ങളും വർത്തമാനങ്ങളും തമാശകളുമെല്ലാം മറ്റു യാത്രക്കാരെയും ചിരിയിലാഴ്ത്തി.പേടിയുണ്ടായിരുന്നവരുടെ പേടിയെല്ലാം മാറി അവർ ആകാശകാഴ്ചകളിൽ മുഴുകി.
ഒരു മണിക്കൂർ വിമാനയാത്ര.10 മണിക്ക് ബാംഗ്ലൂർ വിമാനത്താവളത്തിൽ ഞങ്ങൾ ലാൻഡ് ചെയ്തു. അവിടെ നേരത്തെ ബുക്ക് ചെയ്തിരുന്ന ബി.എം.റ്റി.സി സിറ്റി ബസ് ഞങ്ങളെ കാത്ത് എയർപോർട്ടിന് വെളിയിൽ ഉണ്ടായിരുന്നു. സന്ധ്യ മയങ്ങും വരെ ബസ്സിൽ ബാംഗ്ലൂർ നഗരത്തിൽ കറക്കം. പ്ലാനറ്റേറിയം, ലാൽബാഗ് മുതലായവ സന്ദർശിച്ച് മഹാനഗരത്തിലെ കൗതകകാഴ്ചകളും കണ്ട് രാത്രി ട്രെയിനിൽ എയർ കണ്ടീഷൻ ചെയ്ത കോച്ചുകളിൽ ഞങ്ങളുടെ മക്കൾ തിരിച്ച് ആലുവയ്ക്ക്.
ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളിൽ ഒന്നായിരിക്കും ഈ യാത്രയിൽ പങ്കെടുത്ത ഓരോരോരുത്തർക്കും ഇത് നൽകിയിട്ടുണ്ടാവുക. കുരുന്നു മക്കളെ ഞങ്ങളെ വിശ്വസിച്ചു ഞങ്ങളോടൊപ്പം അയച്ച, ഈ യാത്രയിൽ ഒരിക്കലും മറക്കാനാവാത്ത പിന്തുണ നൽകിയ ഞങ്ങളുടെ കുട്ടികളുടെ രക്ഷകർത്താക്കൾ, സ്വന്തം മക്കളെപ്പോലെ ഒരു പക്ഷെ അതിൽ കൂടുതൽ കരുതലോടെ കുട്ടികളെ കൊണ്ടുനടന്ന എന്റെ സുഹൃത്തുക്കളായ അധ്യാപകർ, ഇങ്ങനൊരു യാത്രക്കുള്ള ധനസമാഹാരണത്തിൽ ഒരു മടിയും പറയാതെ പങ്കാളികളായ എന്റെ സുഹൃത്തുക്കൾ കൂടപ്പിറപ്പുകൾ Nebu Abraham, Arun Pillai Manakkattu,, Adv Sinoj A N Sreekala Rajan Biju Narayanan, Dr. Sreejith M G,Prasanth Parappuram Diljith M Das Rajasenan sir, M V Natesan sir,Nandettan, Sreeja Rajith, Mahesh Pala, Baluchettan Satheesh Sahadevan Rajesh R Gourinandanam Dr. Biju DrBiju Krishnan എന്റെട്ടൻ Renjith V Bose ഇവരോടൊക്കെ എത്ര നന്ദി പറഞ്ഞാലാണ് ഇതിനൊക്കെ, അറിയില്ല
ഇതിനെല്ലാമുപരി എല്ലാ വർഷവും എത്ര കഷ്ടപ്പെട്ടിട്ടായാലും നമ്മുടെ സ്കൂളിൽ നാലിൽ പഠിക്കുന്ന കുട്ടികളെ ഫ്ലൈറ്റിൽ കയറ്റി യാത്ര ചെയ്യിപ്പിച്ചിട്ടെ സ്കൂളിൽ നിന്ന് വിടൂ എന്ന ഒരു എൽ, പി സ്കൂൾ ഹെഡ്മാഷുടെ ദൃഢനിശ്ചയവും....