Timely news thodupuzha

logo

തെയില – ഏലം തോട്ടങ്ങളിൽ അമിതമായി കീടനാശിനി – രാസവള പ്രയോ​ഗത്തെ കുറിച്ച് സർക്കാർ വകുപ്പുകളുടെ അന്വേഷണത്തിൽ വ്യത്യസ്തമായ റിപ്പോർട്ടുകൾ; ജനം ദുരിതം അനുഭവിക്കുവാൻ വിധി

ഇടുക്കി: പീരുമേട് താലൂക്കിലെ തെയില – ഏലം തോട്ടങ്ങളിൽ അമിതമായി കീടനാശിനി – രാസവള പ്രയോ​ഗം നടക്കുന്നുവെന്ന പരാതിയിൽ സർക്കാർ വകുപ്പുകൾക്ക് വ്യത്യസ്തമായ അഭിപ്രായം. ഹൈറേഞ്ച് പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി എം.എ റഷീദ്, നിയമസഭ സമിതിയ്ക്ക് നൽകിയ പരാതിയിലാണ് വിചിത്രമായ റിപ്പോർട്ടുകൾ നൽകിയിരിക്കുന്നത്. ആരോ​ഗ്യ കുടുംബക്ഷേമം, വ്യവസായം, പരിസ്ഥിതി വകുപ്പുകളിലെ ഉദ്യോ​ഗസ്ഥരാണ് വ്യത്യസ്തമായ റിപ്പോർട്ടുകൾ നൽകിയത്. ഏറ്റവും പ്രധാന വകുപ്പായ ആരോ​ഗ്യ – കുടുംബ ക്ഷേമം നൽകിയ റിപ്പോർട്ടിൽ ആരോ​ഗ്യത്തിന് ഹാനികരമായ ഒന്നും ഇല്ലെന്നാണ് റിപ്പോർട്ട്. അവരുടെ റിപ്പോർട്ട് ഇങ്ങനെയാണ്; പീരുമേട് താലൂക്കിലെ പ്രധാന തോട്ടങ്ങളായ എ.വി.റ്റി കാരാടി ​ഗുഡ് ഡേ എസ്റ്റേറ്റ്, എച്ച്.എം.എൽ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ ആരോ​ഗ്യ വകുപ്പിലെ ഇടുക്കി ജില്ലാ സർവൈലൻസ് ഓഫീസർ, ടെക്നിക്കൽ അസിസ്റ്റന്റ്, സെക്ഷൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്. തോട്ടങ്ങളിലെ പരിശോധനയിൽ റ്റീ ബോർഡ് ഓഫ് ഇന്ത്യ അനുമതി പ്രകാരം ​ഗ്രീൻ, ബ്ലൂ ലേബൽ അടങ്ങിയ കീടനാശിനികൾ സാധരണയായി ഉപയോ​ഗിക്കുന്നില്ലെന്നും യൂറിയ, എൻ.പി.കെ വളങ്ങളാണ് ഉപയോ​ഗിക്കുന്നതെന്നും കണ്ടെത്തി. കാലാവസ്ഥയും മറ്റും അനുസരിച്ച് ആവശ്യമായ കീടനാശിനികൾ മാത്രം സാധാരണയായി മാസത്തിൽ ഒരിക്കൽ ഉപയോ​ഗിക്കുന്നതായും ഇരുപത് ദിവസത്തിന് മുകളിൽ ഇടവേളയിട്ട് മാത്രമാണ് വിളവെടുക്കുന്നതെന്നും വാ മൊഴിയായി എസ്റ്റേറ്റ് മാനേജർമാർ അറിയിച്ചുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജോലിയിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ആരോ​ഗ്യ സുരക്ഷ മുൻ കരുതലിൻ്റെ ഭാ​ഗമായി കണ്ണട, ​ഗ്ലൗസുകൾ തുടങ്ങിയ ഉപകരണങ്ങൾ നൽകുന്നുണ്ട്. ശുചിത്വത്തിനായി വാഷ് ഏരിയയിൽ വെള്ളവും സോപ്പും ക്രമീകരിച്ചിട്ടുണ്ട്. കീടനാശിനി സ്പ്രേ ചെയ്യുന്നത് സാധാരണയായി 250 ലിറ്റർ, നാല് മണിക്കൂർ സമയം എടുത്താണെന്നും ഉദ്യോ​ഗസ്ഥർ കണ്ടെത്തി. കീടനാശിനികളുടെയും വളങ്ങളുടെയും ഉപയോ​ഗം വഴി ജല ശ്രോതസ്സുകൾ മലിനമാക്കാതിരിക്കണമെന്ന് മാനേജർമാർക്ക് ഇവർ നിർദേശം നൽകി. വിഷയ വിദ​ഗ്ദന്റെയും പ്രാദേശിക ആരോ​ഗ്യ അധികാരിയുടെയും നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്നും ഇവർ നിർദേശിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ഇതേസമയം വ്യവസായ വകുപ്പ് നൽകിയ റിപ്പോർട്ട് ഇതിന് ഘടക വിരുദ്ധമാണ്. ഭൂരിഭാ​ഗം പ്ലാന്റേഷനുകളിലും പ്രത്യേകിച്ച് തെയില തോട്ടങ്ങളിൽ വളം, കീടനാശിനി മുതലായവ പ്രയോ​ഗിക്കുന്നതിനായി നിയോ​ഗിക്കപ്പെടുന്ന തൊഴിലാളികൾക്ക് സുരക്ഷ ക്രമീകരണങ്ങൾ ഭൂരിഭാ​ഗം മാനേജ്മെന്റുകളും നൽകുന്നില്ല. എ.വി.റ്റി, മലങ്കര തുടങ്ങിയ ഏതാനും തോട്ടങ്ങളിൽ സുരക്ഷ ഉപകരണങ്ങൾ നൽകുന്നതായി മാനേജ്മെന്റുകൾ വാക്കാൽ അറിയിച്ചതായാണ് ഇവരുടെ റിപ്പോർട്ട്. ചില തോട്ടങ്ങളിൽ തൊഴിലാളികൾ സുരക്ഷാ ഉപകരണങ്ങൾ വാങ്ങി പ്ലാൻ്റേഷനുകളിലെ ആവശ്യത്തിനായി ഉപയോ​ഗിച്ചതിന് ശേഷം ബിൽ സമർപ്പിച്ചാൽ തുക തിരികെ നൽകുന്നുണ്ട്. വളം, കീടനാശിനി എന്നിവ പ്രയോ​ഗിക്കുന്ന തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ നൽകുന്നതിന് പൊതുവായ ക്രമീകരണം ഇപ്പോൾ നിലവിൽ ഇല്ല. ഈ സാഹചര്യത്തിൽ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ നൽകുവാൻ പ്ലാന്റേഷൻ ഉടമകൾക്ക് പൊതുവായ നിർദേശം നൽകുന്നതിന് നടപടി സ്വീകരിക്കും. തോട്ടങ്ങളിലെ കീടനാശിനി, രാസവളം പ്രയോ​ഗം പാരിസ്ഥിതിക – ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് വിദ​ഗ്ദരെ ഉൾപ്പെടുത്തി താരതമ്യ പഠനം നടത്തണമെന്നും നിർദേശിച്ചതായി വ്യവസായ വകുപ്പ് നിയമസഭ സമിതിക്ക് റിപ്പോർട്ട് നൽകി.

എന്നാൽ, പരിസ്ഥിതി വകുപ്പ് എങ്ങും തൊടാത്ത റിപ്പോർട്ടാണ് നൽകിയിരിക്കുന്നത്. പ്രിൻസിപ്പൽ അ​ഗ്രികൽച്ചറൽ ഓഫീസർ, ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ എന്നിവർക്ക് എം.എ റഷീദിന്റെ പരാതിയുമായി ബന്ധപ്പെട്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഇടുക്കി ജില്ലാ ഓഫീസിൽ നിന്നും കത്ത് നൽകിയതാണ് ഇവർ ആകെ ചെയ്തത്. ഇതിന്റെ പകർപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്കും അയച്ചതായും ഇവർ റിപ്പോർട്ടിൽ പറയുന്നു. ഫീൽഡ് തല ഇടപെടലുകൾ നടത്താൻ കൃഷി ഭവനുകൽക്ക് നിർദേശം നൽകിയതായി ഇടുക്കി പ്രിൻസിപ്പൽ അ​ഗ്രികൾച്ചറൽ ഓഫീസർ അറിയിച്ചതായും ഇവർ പറയുന്നു. കീടനാശിനി പ്രയോ​ഗിക്കുന്നതിന് തൊഴിലാളികൾക്ക് പരിശീലനം നൽകാനും ബോധവൽക്കരിക്കാനും കൃഷി ഓഫീസർമാർക്ക് നിർദേശം നൽകിയതായും സൂചിപ്പിക്കുന്നു. ഈ വിഷയത്തിൽ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് ലഭ്യമായിട്ടില്ല എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ മറുപടി. ചുരുക്കത്തിൽ പരിസ്ഥിതി വകുപ്പ് ഒരു അന്വേഷണവും നടത്തുവാൻ തയ്യാറായില്ല എന്നാണ് നിയമസഭ സമിതിക്ക് നൽകിയ മറുപടിയിൽ നിന്നും വ്യക്തമാകുന്നത്.

തോട്ടം മേഖലയിൽ ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോ​ഗങ്ങൾ വ്യാപകമായതാണ് പരാതിക്ക് കാരണമായത്. എന്നാൽ മൂന്ന് സർക്കാർ വകുപ്പുകളും ഇക്കാര്യത്തിൽ ​ഗൗരവമായ സമീപനം സ്വീകരിച്ചിട്ടില്ല. തൊഴിലാളികളെയും പൊതുജനങ്ങളെയും ദുരിതത്തിലേക്ക് തള്ളി വിടുന്നതിന് ഉദ്യോ​ഗസ്ഥ സമവിധാനങ്ങൾ കൂട്ടു നിൽക്കുന്ന സാഹചര്യമാണ്. കുത്തകകളായ തോട്ടം മാനേജ്മെന്റുകൾക്കെതിരെ റിപ്പോർട്ട് നൽകുവാൻ ഭയമുണ്ടെന്നും ഉദ്യോ​ഗസ്ഥർ രഹസ്യമായി പറയുന്നുണ്ട്. ഓരോ ദിവസവും കൂടുതൽ രോ​ഗികളെ സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കുവാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കേണ്ട സാഹചര്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *