Timely news thodupuzha

logo

ഭൂകമ്പവും സുനാമിയും; ഇന്ത്യക്ക് ഭീഷണിയില്ല

ന്യൂഡൽഹി: 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതിനെത്തുടർന്ന് റഷ‍്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിക്കുമ്പോൾ ഇന്ത്യയ്ക്ക് യാതൊരു ഭീഷണിയുമില്ലെന്ന് സ്ഥിരീകരിച്ച് ഇന്ത്യയിലെ സുനാമി മുന്നറിയിപ്പ് കേന്ദ്രം. ഇന്ത്യൻ നാഷണൽ സെൻറർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS) നൽകുന്ന വിവരമനുസരിച്ച് ഈ ഭൂകമ്പത്തിൻറെ അനന്തരഫലങ്ങൾ ഇന്ത്യയെയോ ഇന്ത്യൻ മഹാസമുദ്ര മേഖലയെയോ ബാധിക്കില്ല. ബുധനാഴ്ച രാവിലെയാണ് റഷ‍്യ‍യുടെ കിഴക്കൻ തീരത്ത് 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

റഷ‍്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചതായി റിപ്പോർട്ട്. വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്. അലാസ്ക, ഹവായ്, ന‍്യൂസിലൻഡിന് തെക്ക് തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു. എത്രത്തോളം നാശനഷ്ടം ഉണ്ടായെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. അതേസമയം, സുനാമി ബാധിത പ്രദേശങ്ങളായ കാലിഫോർണിയ, മറ്റ് യു.എസ് വെസ്റ്റ് കോസ്റ്റ് സംസ്ഥാനങ്ങൾ, ഹവായ് എന്നിവിടങ്ങളിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റ് ജനറൽ നിർ‌ദേശം നൽകി.

ഭരണകൂടത്തിൻറെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം, സുനാമി മുന്നറിയിപ്പ് നൽകിയാൽ ഉടൻ ഉയർന്ന സ്ഥലത്തേക്ക് മാറുക, തീരപ്രദേശങ്ങൾ ഒഴിവാക്കുക, അടിയന്തര സാഹചര്യങ്ങൾക്ക് തയ്യാറായിരിക്കുകയും ഉപകരണങ്ങൾ പൂർണ്ണമായും ചാർജ് ചെയ്യുകയും ചെയ്യുക എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. അടിയന്തര സഹായത്തിനായി കോൺസുലേറ്റ് +1-415-483-6629 എന്ന ഹെൽപ്പ്‌ലൈൻ നമ്പറും പുറത്തിറക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *