Timely news thodupuzha

മിടുക്കിയായ ഇടുക്കിയെ കുടുക്കിലാക്കുന്ന ചട്ടങ്ങൾ: കേരള കോൺഗ്രസ്സ്

തൊടുപുഴ: ഭൂപതിവ് നിയമ ഭേദഗതി വന്നെങ്കിലും ഉപാധിരഹിത പട്ടയമില്ലാത്തതും നിർമ്മാണ നിരോധനം മാറാത്തതും മിടുക്കിയായ ഇടുക്കിയെ കൂടുതൽ കുടുക്കിലാക്കുന്ന നടപടിയാണെന്ന് കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ പറഞ്ഞു.

ജില്ലയിലെ ജനങ്ങൾ തുടർച്ചയായി സമരമുഖത്തു വന്നത് കൃഷിക്കും വീടിനുമായി പതിച്ചു നൽകിയ പട്ടയഭൂമിയിൽ മറ്റ് നിർമ്മാണങ്ങൾക്കും അനുമതി നൽകുന്നതിനുള്ള നിയമ ഭേദഗതി സർക്കാർ രൂപീകരിക്കാനാണ്. പട്ടയഭൂമിയുടെ സ്വതന്ത്ര വിനിയോഗം ഉറപ്പാക്കാൻ ഉടമയ്ക്ക് കഴിയാത്ത സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണ്. വീണ്ടും പണം നൽകി ക്രമവത്കരണം നടത്തണമെന്ന നിയമം ഓണ സമ്മാനമായല്ല മറിച്ച് ഓണനാളിലെ പോക്കറ്റടിയായി മാത്രമേ കുടിയേറ്റ കർഷകർ കാണുന്നുള്ളൂ.

കാലവർഷക്കെടുതികളും വരൾച്ചയും വിളകളുടെ വിലത്തകർച്ചയും കർഷകരെ, സർക്കാർ – പൊതുമേഖലാ ബാങ്കുകളുടെ ജപ്തിഭീഷണിയിൽ എത്തിച്ചിരിക്കുകയാണ്. 2024 ജൂൺ 7 വരെയുള്ള നിർമ്മാണ പ്രവൃത്തികൾക്ക് വീണ്ടും പണം മുടക്കി ക്രമവത്ക്കരണം നടത്തണമെന്ന 2024 ആഗസ്റ്റ് 27 ലെ മന്ത്രിസഭാ തീരുമാനം പ്രതിഷേധാർഹവും കർഷക വിരുദ്ധവുമാണ്. പുതിയ നിർമ്മാണ പ്രവൃത്തികൾ എങ്ങനെ നടപ്പാക്കുമെന്നതു സംബന്ധിച്ച അവ്യക്തത ഇപ്പോഴും ഭേദഗതി നിയമത്തിൽ നിലനില്ക്കുന്നത് സർക്കാരിൻ്റെ ആത്മാർത്ഥത ഇല്ലായ്മയാണ് വ്യക്തമാക്കുന്നത്.

50000 ത്തിലധികം പട്ടയ അപേക്ഷകൾ കെട്ടിക്കിടക്കുന്ന ജില്ലയിൽ ഉപാധിരഹിത പട്ടയം നൽകുമെന്ന വാഗ്ദാനവും പാഴ്‌വാക്കാകുമെന്നും എം. മോനിച്ചൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *