Timely news thodupuzha

logo

കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു

കണ്ണൂർ: കീഴറയിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു. ഉത്സവത്തിനുപയോഗിക്കുന്ന ഗുണ്ട് പോലുള്ള സ്ഫോടക വസ്തുക്കൾ ഇവിടെ നിന്നും കണ്ടെത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. അപകടത്തിൽ ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ ശനിയാഴ്ച രാവിലെ 1.50 ഓടെയായിരുന്നു സ്ഫോടനം.

ഈ വീട് വാടകയ്ക്കെടുത്ത് അനൂപ് മാലിക്കിനെതിരേ പൊലീസ് സ്ഫോടക വസ്തു നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. മുൻപും ഇയാൾ ഇതേ കേസുകളിൽ പ്രതിയായിരുന്നെന്ന് പൊലീസ് പറയുന്നു. സ്ഫോടക വസ്തു നിർമാണത്തിനിടെയാണ് അപകടമെന്നാണ് വിവരം.

അനൂപും തൊഴിലാളിയും രാത്രികാലങ്ങളിൽ ഇവിടെ വന്നു പോവാറുണ്ടായിരുന്നെന്ന് അയൽ വാസികൾ പറയുന്നു. ഉഗ്രശബ്ദം കേട്ട് നോക്കിയപ്പോവാണ് വീട് പൂർണമായും തകർന്ന നിലയിൽ കണ്ടെത്തിയത്. അകത്ത് കയറി നോക്കിയപ്പോൾ ചിന്നിച്ചിതറിയ നിലയിൽ ഒരു മൃതദേഹം കണ്ടുവെന്നും തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നെന്നും അയൽ വാസികൾ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *