തിരുവനന്തപുരം: നയന സൂര്യനെന്ന യുവ സംവിധായകയുടെ അസ്വാഭാവിക മരണത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ഡോ.ശശികലയുടെ മൊഴി ക്രൈം ബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തും. കഴുത്തിലുണ്ടായ പരിക്കിൽ വ്യക്തത വരുത്താനാണ് ചോദ്യാവലി തയ്യാറാക്കിയുള്ള മൊഴിയെടുപ്പ്. അന്വേഷണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ക്രൈം ബ്രാഞ്ചിൻറെ തീരുമാനം. നയന മരിക്കാൻ കാരണം കഴുത്തിനേറ്റ പരിക്കാണെന്നാണ് ഫൊറൻസിക് ഡോക്ടർ ശശികലയുടെ മൊഴി.
മൃതദേഹത്തിന് സമീപമുണ്ടായിരുന്ന പുതപ്പുകൊണ്ട് സ്വയം മുറുക്കിയാൽ പരിക്കുകളുണ്ടാകാമെന്നും കാരണമായി പറഞ്ഞു. ആത്മഹത്യ സാധ്യത തള്ളിക്കളയാത്ത ഈ മൊഴി വിശദമായി ക്രൈം ബ്രാഞ്ച് പരിശോധിച്ച ശേഷം ചില വിദഗ്ദരിൽ നിന്നും അഭിപ്രായം തേടി. കഴുത്തിലുള്ള മൂന്നു മുറിവുകളിൽ മൂന്നാമത്തെ ക്ഷതത്തെ കുറിച്ച് ബാക്കി നിൽക്കുന്ന സംശയത്തെ തുടർന്നാണ് വീണ്ടും ഡോ.ശശികലയുടെ മൊഴിയെടുക്കുന്നത്. ക്രൈം ബ്രാഞ്ച് ഇതിനായി ചോദ്യാവലിയും തയ്യാറാക്കി.