തൊടുപുഴ: ശ്രീ അന്നപൂർണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ തിരുവുത്സവവും പൊങ്കാല മഹോത്സവവും മാർച്ച് 2 മുതൽ 8 വരെ നടത്തപ്പെടും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മണിയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി കൈതപ്രം നാരായണൻ നമ്പൂതിരിയുടെയും മുഖ്യധാർമികത്വത്തിൽ ദ്രവ്യ പൂജകളോടെ ഉത്സവത്തിന് തുടക്കമാവും. ഏഴു ദിവസം നീണ്ടുനിൽക്കുന്ന മഹോത്സവം വിവിധ ചടങ്ങുകളോടെയാണ് ആഘോഷിക്കുന്നത്.
രണ്ട്, മൂന്ന് തീയതികളിൽ കലശ പൂജകൾ നാലിന് പകൽ ബ്രഹ്‌മ കലശാഭിഷേകങ്ങളും, പരി കലശാഭിഷേകങ്ങളും വിശേഷാൽ പൂജകളും. വൈകിട്ട് 5 .30 ന് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും നെറ്റിപ്പട്ടം കെട്ടിയ ഗജ വീരന്റെയും താലപ്പൊലിയുടെയും ആട്ടക്കാവടിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി എതിരേൽപ്പ് ക്ഷേത്രത്തിൽ എത്തിച്ചേരുമ്പോൾ വിശേഷാൽ ദീപാരാധന. അഞ്ചാം തീയതി വിശേഷാൽ നവഗ്രഹപൂജയും ആയില്യം പൂജയും. ആറിന് രാവിലെ 9.30ന് മേൽശാന്തി പണ്ടാര അടുപ്പിൽ അഗ്‌നി പകരു ന്നതോടുകൂടി പൊങ്കാല ആരംഭിക്കുന്നതാണ്. 11 .30 നു പൊങ്കാല നിവേദ്യത്തിനു ശേഷം ഏറ്റവും ദർശന പ്രാധാന്യമുള്ള മകം തൊഴൽ. തുടർന്ന് മഹാ പ്രസാദയൂട്ട്. ഏഴാം തീയതി വൈകിട്ട് ആറിന് മണക്കാട് നെല്ലിക്കാവ് ക്ഷേത്രത്തിൽ നിന്നും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റേയും വാദ്യമേളങ്ങളുടെയും ഗോപികാ നൃത്തത്തിന്റെയും അകമ്പടിയോടെ എതിരേൽപ്പ് ക്ഷേത്രത്തിൽ എത്തിച്ചേരുമ്പോൾ വിശേഷാൽ ദീപാരാധന.
എട്ടിന് ഉത്രം പൂജയ്ക്കും വിവിധ ക്ഷേത്ര ആചാരങ്ങൾക്കും ശേഷം കൊടിയിറക്കും.
രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പൊങ്കാല ആയതിനാൽ കൂടുതൽ ബുക്കിങ്ങ് ഉണ്ടാകുന്നുണ്ടെന്നും ക്ഷേത്രത്തിൽ എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും യാതൊരുവിധ ബുദ്ധിമുട്ടും കൂടാതെ ദർശനം നടത്തി മടങ്ങുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുള്ളതായി ക്ഷേത്രം സമിതിയിലെ അംഗങ്ങൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പൊങ്കാല കമ്മിറ്റി കൺവീനർ പ്രിയ സുനിൽ, ക്ഷേത്രം പ്രസിഡന്റ് പി.എസ്.പ്രകാശ്, സെക്രട്ടറി ഹരീഷ്കുമാർ, ട്രഷറർ പി.എസ്.മുരളി, വൈസ് പ്രസിഡന്റ് പി.കെ. സോമൻ തുടങ്ങിയവർ പങ്കെടുത്തു.