തിരുവനന്തപുരം: സംസ്ഥാന ആർദ്രകേരളം പുരസ്‌കാരം ഏറ്റുവാങ്ങി ഇടുക്കി ജില്ലാ പഞ്ചായത്ത്. തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പുരസ്‌കാരം ജില്ലാ പഞ്ചായത്തിന് സമ്മാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
ജില്ലയിലെ ആരോഗ്യമേഖലയിൽ നടപ്പാക്കിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകരമായിട്ടാണ് ഇടുക്കി ജില്ലാ പഞ്ചായത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. പത്തുലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരമായി പഞ്ചായത്തിന് ലഭിച്ചത്. 2024 -25 വർഷത്തെ കായകല്പ അവാർഡിൽ മൂന്നാം സ്ഥാനം മുൻപ് ലഭിച്ചിരുന്നു.
തൊടുപുഴ ജില്ലാ ആശുപത്രി, മുട്ടം ആയുർവേദ ജില്ലാ ആശുപത്രി, മുട്ടം ഹോമിയോപ്പതി ജില്ലാ ആശുപത്രി, പാറേമാവ് ആയുർവേദ അനക്‌സ് ആശുപത്രി, എന്നിവിടങ്ങളിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കാണ് ആർദ്ര കേരളം പുരസ്‌കാരം ലഭിച്ചത്. 2023- 24 സാമ്പത്തിക വർഷത്തിൽ ജില്ലാ പഞ്ചായത്ത് അലോപ്പതി മരുന്നുകൾക്ക് 1.71 കോടി രൂപ ചെലവഴിക്കുകയും കൂടാതെ ആയുർവേദം, ഹോമിയോ വകുപ്പുകൾക്കും ആരോഗ്യം- അനുബന്ധ പ്രവർത്തനങ്ങൾക്കായി തുക വകയിരുത്തിയിട്ടുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യമേഖലയിൽ ചെലവഴിച്ച തുക, സാന്ത്വനപരിചരണ പരിപാടികൾ, കായകൽപ്പ് സ്‌കോർ, ഹെൽത്ത് ഗ്രാന്റ് വിനിയോഗം, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ, പ്രതിരോധ കുത്തിവെപ്പ്, വാർഡുതല പ്രവർത്തനങ്ങൾ, പ്രാദേശിക ആരോഗ്യആവശ്യങ്ങൾക്ക് അനുസൃതമായ നൂതന ഇടപെടലുകൾ, സാമൂഹിക ഘടകങ്ങളായ ശുചിത്വം, മാലിന്യ പരിപാലനം, പ്രാണി നിയന്ത്രണം, ജീവിത ശൈലി ക്രമീകരണത്തിനുള്ള ഭൗതികസാഹചര്യങ്ങൾ ഒരുക്കൽ, മോഡേൺ മെഡിസിൻ, ആയുർവേദ, ഹോമിയോ മേഖലകളിലുള്ള ദേശീയ- സംസ്ഥാന ആരോഗ്യപദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ് തുടങ്ങിയവയിലെ മികച്ച പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണിത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, ആരോഗ്യം -വിദ്യാഭ്യാസം സ്ഥിരം സമിതി അധ്യക്ഷൻ കെ.ജി സത്യൻ, സ്ഥാപനമേധാവികൾ തുടങ്ങിയവർ പുരസ്‌കാരം ഏറ്റുവാങ്ങി. ജില്ലാതലത്തിൽ വിവിധ സ്ഥാനങ്ങൾ നേടിയ പഞ്ചായത്തുകളും പുരസ്‌കാരം ഏറ്റുവാങ്ങി.






