തൊടുപുഴ: സംസ്ഥാനസർക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തിയ വികസനപ്രവർത്തനങ്ങൾ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമായുള്ള വികസനസദസ് തൊടുപുഴ നഗരസഭയിൽ സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ പ്രൊഫ.ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന വികസനസദസ്സിൽ നഗരസഭ കൗൺസിലർ സബീന ബിഞ്ചു അധ്യക്ഷത വഹിച്ചു. കൗൺസിലർ മുഹമ്മദ് അഫ്സൽ മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ 5 വർഷത്തിൽ തൊടുപുഴ നഗരസഭയിൽ നടത്തിയ വികസന നേട്ടങ്ങൾ വിവരിക്കുന്ന വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. വികസനനേട്ടങ്ങളുടെ റിപ്പോർട്ട് നഗരസഭ സെക്രട്ടറി ബിജുമോൻ ജേക്കബ് അവതരിപ്പിച്ചു. യോഗത്തിൽ ഹരിതകർമ്മസേന അംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ, എന്നിവരെ മെമന്റോ നൽകി ആദരിച്ചു.
തൊടുപുഴ നഗരസഭയിൽ അതിദാരിദ്ര്യ നിർമ്മാജനപദ്ധതി വഴി 121 അംഗങ്ങളെ ഉൾപ്പെടുത്തി വിവിധ ആനുകൂല്യങ്ങൾ നൽകി വരുന്നു. എ.എം മുഹമ്മദ് കുഞ്ഞ് ലബ്ബ സ്മാരക ഷോപ്പിംഗ് കോംപ്ലക്‌സിന്റെ എല്ലാ പ്രവർത്തികളും പൂർത്തീകരിച്ച് അതിനോടനുബന്ധിച്ച് ബസ് സ്റ്റാൻഡ് സജ്ജമാക്കി. അമൃത പദ്ധതിയിൽ ഉൾപ്പെടുത്തി സമ്പൂർണ്ണ കുടിവെള്ള പദ്ധതി, വെൽനെസ്സ് സെന്ററുകൾ, നവീകരിച്ച മുനിസിപ്പൽ പാർക്ക്, പുതിയ ലൈബ്രറി, കോലാനി സ്‌കൂൾ, ബഡ്‌സ് സ്‌കൂൾ തുടങ്ങിയവ നിർമ്മിച്ചു. പിഎംഎവൈ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 889 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. മാലിന്യസംസ്‌കരണ മേഖലയിൽ ബയോമൈനിങ് പൂർത്തിയാക്കിയതിനു ശേഷം നഗരസഭയുടെ ജൈവമാലിന്യം സംസ്‌ക്കരിക്കുന്നതിനായിട്ടുള്ള വിൻഡ്രോകമ്പോസ്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തികരിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പകൽവീടിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമായി നടക്കുന്നു.
പൊതുജനങ്ങൾ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവി വികസന പ്രവർത്തനങ്ങളെക്കുറിച്ച് സംവദിക്കുന്നതിനും അവസരമുണ്ടായിരുന്നു. തൊടുപുഴ നഗരസഭയിലെ നഗരസഭ കെട്ടിടം നവീകരിച്ച് സൗകര്യങ്ങൾ മെച്ചപ്പെടുത്തണം, നഗരസഭയിൽ പാർക്കിംഗ് സൗകര്യം ഒരുക്കണം, രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കണം, മലങ്കര ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം, തൊടുപുഴയുടെ സൗന്ദര്യവൽക്കരണപ്രവർത്തനങ്ങൾ നടത്തണം ,തൊടുപുഴയിലെ വെള്ളക്കെട്ട് രൂപപ്പെടുന്നത് തടയണം, ഓടങ്ങൾ ശുചീകരണം തുടങ്ങിയ ഒട്ടനവധി വിഷയങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു.
യോഗത്തിൽ കെ-സ്മാർട്ടിന്റെ ഹെൽപ്പ് ഡെസ്‌ക്, വിജ്ഞാനകേരളം ജോബ് ഫെയർ സെന്ററും സജ്ജമാക്കിയിരുന്നു. തൊടുപുഴ നഗരസഭ അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ.കെ ഷാജി, കെ ഇ പത്മാവതി, നഗരസഭ എഞ്ചിനീയർ ജോസ് എം.പി, കുമാരമംഗലം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.എം. മുഹമ്മദ്, തൊടുപുഴ ബിഡിഒ ബിന്ദു, നഗരസഭ ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മസേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, നഗരസഭ ജീവനക്കാർ, തുടങ്ങിയവർ പങ്കെടുത്തു.






