തൊടുപുഴ: നൂതന സാങ്കേതികവിദ്യയുടെ ലോകത്തേക്ക് വിദ്യാർത്ഥികളെ പരിചയപ്പെടുത്തിക്കൊണ്ട്, തൊടുപുഴയിലെ ബി.റ്റി.എം സ്കൂൾ ഒരു വലിയ മുന്നേറ്റം രേഖപ്പെടുത്തി. ഒന്നാം മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുവാനാണ് എ.ഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി റോബോട്ടുകൾ എത്തിച്ചിരിക്കുന്നത്. സ്കൂൾ എച്ച്.എം – ആയിഷയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ സുലൈമാൻ ഉദ്ഘാടനം നിർവ്വഹിച്ചു.

പദ്ധതിയിലൂടെ സ്കൂൾ കുട്ടികൾക്ക് റോബോട്ടിക്‌സ്, പ്രോഗ്രാമിംഗ്, ലോജിക്കൽ ചിന്ത എന്നിവയിൽ പ്രായോഗിക അറിവ് നൽകുകയാണ് ലക്ഷ്യമിടുന്നത്. പാഠ്യേതര പ്രവർത്തനങ്ങളിലും റോബോട്ടുകളുടെ സഹായം ഉൾപ്പെടുത്തും. കഥപറയൽ, ഗെയിംസ്, മാത്ത്സ് ആക്ടിവിറ്റികൾ, ഭാഷ പഠനം എന്നിവ കൂടുതൽ ക്രിയാത്മകമാകും. കുട്ടികൾക്ക് സാങ്കേതിക വിദ്യയിലൂടെ പഠിക്കാൻ അവസരം ലഭിക്കുന്നത് സ്കൂളിന്റെ ഏറ്റവും വലിയ നേട്ടമാണെന്ന് അഡ്മിനിസ്ട്രേറ്റർ പറഞ്ഞു.

പദ്ധതിയിലൂടെ ബി.റ്റി.എം സ്കൂൾ തൊടുപുഴയിലെ സ്മാർട്ട് ലേണിംഗ് മോഡലുകളുടെ ഭാഗമാകുന്നു. ഭാവിയിൽ കൂടുതൽ റോബോട്ടുകൾ ഉൾപ്പെടുത്തി “ഇന്നവേഷൻ ലാബ്” സ്ഥാപിക്കാനുള്ള പദ്ധതിയും ആലോചിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അധ്യാപകരായ അനിത, ജെസ്ന, ബീമ, ഷിഹാദ്, Moon school ലെ അധ്യാപകർ കുട്ടികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.





