തൊടുപുഴ: ഇന്ത്യയിലെ ആദ്യത്തെ കോക്ക്ലിയർ ഇമ്പ്ലാന്റ് ശസ്ത്രക്രിയക്ക് വിധേയനായി ജീവിതം വീണ്ടെടുത്ത ശേഷം കേൾവിയുടെ ലോകത്ത് ദുരിതത്തിലായ അനേകരെ കൈപിടിച്ച് ഉയർത്തി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന തൊടുപുഴ സ്വദേശി കണ്ണാടി സ്വദേശി സൈദ് മുഹമ്മദിനെ തൊടുപുഴ മർച്ചന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആദരിച്ചു.



1992ൽ ഗൾഫിലുണ്ടായ ഒരപകടത്തിലാണ് കണ്ണാടി സൈദ് മുഹമ്മദെന്ന വി.എസ് സൈദ് മുഹമ്മദിന് കേൾവി നഷ്ടപെട്ടത്. അങ്ങനെ നാൽപതാം വയസ്സിൽ നിസ്സഹായനായി നാട്ടിലേക്ക് അദ്ദേഹത്തിന് തിരിച്ച് പോരേണ്ടി വന്നു. പറക്കമുറ്റാത്ത കുട്ടികൾ ഉൾപ്പെടുന്ന കുടുബത്തിന്റെ സംരക്ഷണത്തെ ഓർത്ത് ഒരു സാധരണ മനുഷ്യൻ ആയി വിധിയെ പഴിച്ച് വിസ്‌മൃതിയിൽ ആകേണ്ട മനുഷ്യൻ തന്റെ കേൾവി തിരിച്ചു ലഭിക്കാൻ ഒരേ ഒരു വഴി കോക്ക്ളീർ ശസ്ത്രക്രിയ മാത്രം ആണെന്നും അന്ന് അതിൻ്റെ ചികിത്സ അമേരിക്കയിൽ മാത്രമാണെന്നും ഉള്ള സത്യം മനസ്സിലാക്കി. തുടർന്ന് മുൻ കേന്ദ്ര മന്ത്രി ഇ അഹമ്മദ് സാഹിബിന്റെ സഹായം തേടി. സയദ് മുഹമ്മദിൻ്റെ ഈ ശസ്ത്രക്രിക്ക് മാത്രമായി അമേരിക്കയിൽ നിന്ന് ഡോക്ടർ എത്തി. അങ്ങനെ 1995ൽ മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളേജിൽ ഇന്ത്യയിലെ ആദ്യത്തെ കോക്ക്ലിയർ ഇമ്പ്ലാന്റ് ശസ്ത്രക്രിയക്ക് സൈദ് മുഹമ്മദ് വിധേയനായി. കേൾവി തിരിച്ചു കിട്ടി, വീണ്ടും ഗൾഫിലേക്ക് തിരിച്ചു പോയി, നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിച്ചു 2012ൽ തന്റെ അറുതാം വയസ്സിൽ അദ്ദേഹം മടങ്ങി എത്തി. എന്നാൽ അവിടെ തീർന്നില്ല ഈ മനുഷ്യസ്നേഹിയുടെ ജീവിത ദൗത്യം. ഒരു സുപ്രഭാതത്തിൽ കേൾവി നഷ്ടപ്പെട്ട തന്റെ വേദന അനുഭവിക്കുന്ന അനേകം മാതാപിതാക്കളുടെ, ജന്മനാ കേൾവി ഇല്ലാതെ ജനിക്കുന്ന കുരുന്നു മക്കളുടെ, നിസ്സഹായരായിരിക്കുന്ന ആ കുടുംബത്തിന്റെ, ജനിച്ചതിനു ശേഷം കേൾവി നഷ്ടപ്പെടുന്നവരുടെ കണ്ണീർ ഒപ്പാൻ, തന്നെ കൊണ്ട് ചെയ്യാവുന്ന എല്ലാസഹായവും കേരള സർക്കാരിലും കേന്ദ്ര സർക്കാരിലും സമ്മർദം ചെലുത്തി ചെയ്തു കൊണ്ട് ഇമ്പ്ലാന്റികളുടെ മുൻപോട്ടുള്ള ജീവിതത്തിൽ വഴികാട്ടിയായി. തന്റെ ശാരീരിക അവശതകൾ പോലും മറന്ന് അദ്ദേഹം ജീകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകിയിട്ടുണ്ട്.




തൊടുപുഴ മർച്ചന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ വച്ച് തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡൻ്റ് റ്റി.സി രാജു തരണിയിൽ വി.എസ് സൈദ് മുഹമ്മദിനെ പൊന്നാട അണിയിച്ചു. ഇതിനോട് അനുബന്ധിച്ച് മെഡിക്കൽ ക്യാമ്പും നടത്തി. തൊടുപുഴ മർച്ചന്റ് അസോസിയേഷൻ, കൊച്ചി ലൂർദ് ആശുപത്രി, എറണാകുളം റൊട്ടറി ക്ലബ്ബ് എന്നിവ യുക്തമായാണ് തൊടുപുഴ വ്യാപാര ഭവനിൽ വച്ച് ക്യാമ്പ് സംഘടിപ്പിച്ചത്. ലൂർദ് ഹോസ്പിറ്റൽ ഇ എൻ ടി സർജനും കോക്ലിയർ ഇമ്പ്ലാന്റ് സർജനുമായ ഡോ. ജോർജ് കുരുവിള താമരപ്പള്ളി ആദരിക്കൽ ചടങ്ങിൽ പങ്കെടുത്ത ശേഷം ക്യാമ്പിലെത്തിയ കേൾവി വൈകല്യം ഉള്ള വരെ പരിശോദിച്ചു തുടർ ചികിത്സക്ക് നിർദേശം നൽകി. ക്യാമ്പിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള കേൾവി വൈകല്യം ഉള്ള നിരവധി പേർ ചികിത്സ തേടി.





