തൊടുപുഴ: എറണാകുളം നോർത്ത് പറവൂരിൽ നിന്നും എത്തിയ വിനോദസഞ്ചാരിയ്ക്ക് നഷ്ടപ്പെട്ട നവരത്‌ന മോതിരം തൊടുപുഴ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിലെ സ്കൂബ ടീം ആനയടി കുളത്തിൽ നിന്നും കണ്ടെത്തി ഉടമസ്ഥനെ ഏൽപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് 50 അംഗങ്ങളടങ്ങിയ വിനോദസഞ്ചാരികളുടെ സംഘം നോർത്ത് പറവൂരിൽ നിന്നും തൊടുപുഴയ്ക്ക് സമീപമുള്ള പ്രകൃതിരമണീയമായ ആനയടി കുത്തിൽ എത്തിയത്.

ഇവിടെ വെള്ളത്തിൽ ഇറങ്ങി നിന്ന സമയത്താണ് സംഘത്തിലെ ഒരാൾക്ക് വിലപിടിപ്പുള്ള നവരത്‌ന മോതിരം നഷ്ടമായത്. തൊടുപുഴ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ ടി എച്ച് സാദിഖിന്റെ നിർദ്ദേശാനുസരണം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ എ ജാഫർഖാൻ നേതൃത്വം നൽകിയ സംഘം സംഭവ സ്ഥലത്തെത്തി.

തൊടുപുഴ ഫയർഫോഴ്‌സിലെ സ്കൂബ ടീം അംഗങ്ങൾ മണിക്കൂറുകളോളം തിരച്ചിൽ നടത്തി നവരത്‌ന മോതിരം കണ്ടെടുക്കുകയായിരുന്നു. ഫയർ ഓഫീസർമാരായ പി എൻ അനൂപ്, ടീ കെ വിവേക്, കെ എസ് അബ്ദുൽ നാസർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.





