Timely news thodupuzha

logo

വി.എം വിനു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: വോട്ടർപട്ടികയിൽ പേരില്ലാത്തതിനെ ചോദ്യം ചെയ്ത് സംവിധായകനും കോൺഗ്രസ് സ്ഥാനാർഥിയുമായ വി.എം വിനു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സെലിബ്രിറ്റികൾക്കും സാധാരണക്കാർക്കും ഒരേ നിയമമാണെന്നും വിഷയത്തിൽ ഇടപെടാൻ സാധിക്കില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കോഴിക്കോട് കോർപ്പറേഷൻ മേയർ സ്ഥാനാർഥിയായാണ് കോൺഗ്രസ് വി.എം. വിനുവിനെ പ്രഖ്യാപിച്ചിരുന്നത്. ജയിക്കുമെന്ന് കണ്ട് ഭരിക്കുന്ന പാർട്ടി തൻറെ പേര് വെട്ടിയതാണെന്നാണ് വിനു കോടതിയിൽ വാദിച്ചത്. തൻറെ കക്ഷി സെലിബ്രിറ്റിയാണെന്നും മേയർ സ്ഥാനത്തേക്കാണ് മത്സരിക്കുന്നതെന്നും അഭിഭാഷകൻ അറിയിച്ചതോടെയാണ് സെലിബ്രിറ്റികൾക്ക് പ്രത്യേകതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചത്. വിനുവിൻറെ പേര് കരട് വോട്ടർ പട്ടികയിലോ 2020ലെ വോട്ടർ പട്ടികയോ ഇല്ലെന്നും പട്ടികയിൽ പേരുണ്ടോ എന്നു പോലും അറിയാതെയാണോ മത്സരിക്കാനിറങ്ങിയതെന്നും ഹൈക്കോടതി ചോദിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർഥി വൈഷ്ണ സുരേഷിൻറെ കേസും കോടതി പരാമർശിച്ചു.

വൈഷ്ണ‍യുടെ പേര് പ്രാഥമിക കരട് പട്ടികയിൽ ഉണ്ടായിരുന്നു. പിന്നീടാണ് വെട്ടിയത്. ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളിലെല്ലാം വന്നിരുന്നു. സെലിബ്രിറ്റികൾ പത്രം വായിക്കാറില്ലേയെന്നും കോടതി വിമർശിച്ചു. സ്വന്തം കഴിവു കേടിന് മറ്റ് പാർട്ടികളെ കുറ്റപപെടുത്തരുതെന്നും എതിർപ്പുണ്ടെങ്കിൽ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാമെന്നും കമ്മിഷനു പോലും ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും കോടതി കൂട്ടിച്ചേർത്തു. കോഴിക്കോട് കോർപ്പറേഷൻ കല്ലായി ഡിവിഷനിൽ നിന്നാണ് വിനു മത്സരിക്കാനിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *