തൊടുപുഴ: ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം യുവജന സംഘടനയായ എൻ സി സി ഡൽഹിയിൽ സംഘടിപ്പിച്ചിരിക്കുന്ന റിപ്പബ്ലിക് ദിന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കേരളത്തിന് അഭിമാനമായി കേരള- ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ ന്യൂമാൻ എൻസിസി ബാൻഡ് വീണ്ടും ചരിത്രം രചിച്ചു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കേരളത്തിൽ നിന്നുള്ള ആദ്യ വനിത എൻ സി സി ബാൻഡ് എന്ന നിലയിൽ ന്യൂമാൻ ബാൻഡ് ഡൽഹിയിൽ മാറ്റുരച്ചിരുന്നു. ആൺകുട്ടികളുടെ വിഭാഗമാണ് ഈ വർഷം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കേരളത്തെ പ്രതിനിധീകരിക്കുന്ന ടീം എൻ സി സി കേരള- ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ കോട്ടയം ഗ്രൂപ്പ് നേതൃത്വം നൽകുന്ന 18 കേരള ബ റ്റാലിയന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.
കേരളത്തിൽ നിന്ന് ആദ്യമായാണ് എൻസിസി പുരുഷ വിഭാഗം ബാൻഡ് റിപ്പബ്ലിക് ദിന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. റിപ്പബ്ലിക് ദിന ക്യാമ്പിലേക്കുള്ള സെലക്ഷന് പാലിക്കേണ്ട കർശന മാനദണ്ഡങ്ങളും ദേശീയതലത്തിലുള്ള ഉന്നതമായ ഗുണനിലവാര പരിശോധനയും വിജയിച്ചാണ് ടീം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
2026 ലെ റിപ്പബ്ലിക് ദിന പരേഡിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എൻസിസിയുടെ അഞ്ച് മ്യൂസിക് ബാൻഡുകൾ ആണ് അണിനിരക്കുന്നത് .ഇന്ത്യൻ എൻ സി സി യുടെ ചരിത്രത്തിൽ തന്നെ അപൂർവ്വ നേട്ടമാണ് ഒരു സീനിയർ പുരുഷ വിഭാഗം ബാൻഡ് റിപ്പബ്ലിക് ദിന ക്യാമ്പിലേക്ക തെരഞ്ഞെടുക്കപ്പെടുന്നത്.
ഡൽഹിയിലെ ക്യാമ്പിൽ പരിശീലനം നേടുന്ന ടീമിന് റിപ്പബ്ലിക് ദിനാചരണവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിശിഷ്ട വ്യക്തികൾക്കു മുമ്പിൽ ബാൻഡ് ഡിസ്പ്ലേ, പ്രധാനമന്ത്രിയുടെ റാലി, രാജ്യത്തിന്റെ റിപ്പബ്ലിക് ദിന പരേഡ് എന്നിങ്ങനെയുള്ള അസുലഭ അവസരങ്ങളാണ് മികവിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്നത്
2016 ൽ ന്യൂമാൻ കോളേജ് എൻ സി സി ഓഫീസർ ക്യാപ്റ്റൻ പ്രജീഷ് സി മാത്യു, പ്രൊഫ.റജീന ജോസഫ്, റവ. ഡോ. വിൻസെന്റ് നെടുങ്ങാട്ട്, റവ. ഡോ. മാനുവൽ പിച്ചളക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച ബാൻഡ് ചുരുങ്ങിയ കാലം കൊണ്ടാണ് രാജ്യാന്തരപ്രശസ്തമായത്. വിവിധ സൈനിക ഫോർമേഷനുകളും സംഗീത ആലാപന ശൈലികളും അവതരിപ്പിക്കാൻ സാധിക്കുന്ന എൻസിസിയിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്രത്യേക വിഭാഗങ്ങൾ ഇന്ന് ന്യൂമാൻ കോളേജിന്റെ അഭിമാനമാണ്.എൻ സി സി ഡയറക്ടറേറ്റിന്റെ വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുള്ള കോളേജ് ബാൻഡ് ടീം തുടക്കകാലം മുതൽ തന്നെ കേരളത്തിന്റെ വിവിധ വേദികളിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തി വരുന്നു.
നിരവധി തവണ കേരളത്തിലെ ഏറ്റവും മികച്ച എൻ സി സി സ്ഥാപനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുള്ള കോളേജ് വർഷങ്ങളായി റിപ്പബ്ലിക് ദിന പരേഡ് ലക്ഷ്യമാക്കിയുള്ള തീവ്ര പരിശീലനത്തിലായിരുന്നു. റിപ്പബ്ലിക് ദിന പരേഡ് ലക്ഷ്യമാക്കി 18 കേരള ബറ്റാലിയന് കീഴിലുള്ള നിർമല കോളേജ് മുവാറ്റുപുഴ, സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി, എം. ഏ കോളേജ് കോതമംഗലം എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേഡറ്റുകളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് ന്യൂമാൻ എൻ സി സി പുരുഷ ബാൻഡ് വിപുലീകരിച്ചിരുന്നു. കൂട്ടായ ഈ പരിശ്രമമാണ് ഇന്ന് വിജയഗാഥ തീർത്തിരിക്കുന്നത്
ന്യൂമാൻ കോളേജിലെ 30 കേഡറ്റുകൾക്കൊപ്പം നിർമല കോളേജ്,സെന്റ് പീറ്റേഴ്സ് കോളേജ്, എം. എ കോളേജ് എന്നീ സ്ഥാപനങ്ങളിൽ നിന്നായി 5 വീതം കേഡറ്റുകൾ ഉൾപ്പെട്ട 45 പേരടങ്ങുന്ന ടീം ആണ് ഡൽഹിയിൽ പ്രകടനം നടത്തുന്നതിന് യോഗ്യത നേടിയിരിക്കുന്നത്.എൻ സി സി യുടെ ഈ ചരിത്ര നേട്ടത്തിൽ ഏവരും അഭിമാനിക്കുന്നു എന്നും ടീമിന്റെ തിരഞ്ഞെടുപ്പിൽ സന്തോഷവും പ്രതീക്ഷയുമുണ്ടെന്നും കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മടത്തിക്കണ്ടത്തിൽ അഭിപ്രായപ്പെട്ടു ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികളുടെ വിവിധ നിപുണതകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരം സംരംഭങ്ങൾ കൂടുതൽ മികച്ചതാക്കുമെന്ന് ന്യൂമാൻ, നിർമല കോളേജുകളുടെ മാനേജരും കോതമംഗലം രൂപത വികാരി ജനറലും ആയ മോൺ. ഡോ.പയസ്സ് മലേക്കണ്ടത്തിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
മികച്ചപ്രകടനത്തിനായി സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശീലനം നേർന്ന ടീം ഡിസംബർ അവസാനത്തോടെ ഡൽഹിക്ക് യാത്ര തിരിക്കും. കോളേജിലെ ചരിത്ര വിഭാഗം അവസാന വർഷ വിദ്യാർഥി അശ്വിൻ സുഭാഷ് ആണ് ടീമിനെ നയിക്കുന്നത്.സംസ്ഥാനത്തിന്റെ പിന്നോക്ക മേഖലയിലുള്ള വിദ്യാർത്ഥികളാണ് കഠിനപരിശ്രമത്തിലൂടെ അഭിമാനകരമായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
കണ്ടിജന്റ് ഡ്രിൽ ടീമിന് ഒപ്പമുള്ള പരേഡ്, ന്യൂമാൻ ബാന്റിന്റെ പ്രശസ്തമായ സൈനിക ഫോർമേഷനുകൾ എന്നിവ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള പരിശീലനങ്ങൾക്ക് 18 കേരള കമാൻഡിങ് ഓഫീസർ ലെഫ്റ്റനെന്റ് കേണൽ അനിരുദ്ധ് സിങ്, ക്യാപ്റ്റൻ പ്രജീഷ് സി മാത്യു, ലെഫ്.ആൽബിഷ് കെ പോൾ, ലെഫ്. ജിൻ അലക്സാണ്ടർ, ലെഫ്. രമ്യ കെ ,ന്യൂമാൻ കോളേജ് ബർസാർ ഫാ. ബെൻസൻ നിരവത്തിനാൽ, ഫാ. അലൻ വെള്ളാംകുന്നേൽ, സുബൈദാർ മേജർ സുഗ്ജിത് സിംഗ് എന്നിവർ നേതൃത്വം നൽകും.
ടീമിന്റെ ചരിത്രനേട്ടത്തെ കോതമംഗലം രൂപത മെത്രാൻ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ എൻ സി സി കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി.വി. എസ് റെഡ്ഡി, കോതമംഗലം രൂപത വികാരി ജനറൾമാരായ റവ. ഡോ. വിൻസെന്റ് നെടുങ്ങാട്ട്, മോൺ. ഡോ പയസ്സ് മലേകണ്ടത്തിൽ, ഹയർ എഡ്യൂക്കേഷൻ സെക്രട്ടറി റവ. ഡോ പോൾ പറത്താഴത്ത്, ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ ഡോ.ജെന്നി കെ. അലക്സ്, നിർമ്മല കോളേജ് പ്രിൻസിപ്പൽ റവ.ഡോ. ഫ്രാൻസിസ് കണ്ണാടൻ, കോലഞ്ചേരി സെന്റ്. പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പൽ ഡോ.ബിനുജ ജോസഫ്,കോതമംഗലം എം. എ കോളേജ് പ്രിൻസിപ്പൽ ഡോ.മഞ്ജു കുര്യൻ എന്നിവർ അഭിനന്ദിച്ചു.





