Timely news thodupuzha

logo

പി.വി അൻവറിൻ്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ് നടത്തുന്നു

മലപ്പുറം: മുൻ എം.എൽ.എ പി.വി അൻവറിൻ്റെ വീട്ടിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്(ഇ.ഡി) റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടിലാണ് പരിശോധന. അൻവറിന്റെ സഹായി സിയാദിൻ്റെ വീട്ടിലും ഇ.ഡി പരിശോധന നടക്കുന്നുണ്ട്. രാവിലെ 6.30ഓടെയാണ് ഇ.ഡി സംഘം അൻവറിൻ്റെ വീട്ടിൽ എത്തിയത്. ചെന്നൈ, കോഴിക്കോട്, കൊച്ചി യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്. കെ.എസ്‍.സി ലോണുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. പി.വി അൻവർ ഒരു സ്ഥലത്തിൻ്റെ രേഖ വെച്ച് രണ്ട് വായ്പ്പയെടുത്തെന്നാണ് പരാതി. 2015ലാണ് പി.വി അൻവറും സഹായി സിയാദും ചേർന്ന് 12 കോടി രൂപ കടമെടുത്തത്.

ഈ കേസ് നിലവിൽ വിജിലൻസ് അന്വേഷിക്കുന്നുണ്ട്. പി.വി അൻവറിൻ്റെ സിൽസില പാ‍ർക്കിൽ കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധന നടന്നിരുന്നു. മതിയായ രേഖകളില്ലാതെയാണ് പി.വി അൻവർ മലപ്പുറത്തെ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും ലോണെടുത്തത്. ഉദ്യോ​ഗസ്ഥരുമായി ​ഗൂഢാലോചന നടത്തിയാണ് വായ്പയെടുത്തെന്നാണ് ആക്ഷേപം.

ഭരണസ്വാധീനം ഉപയോ​ഗിച്ച് വായ്പയെടുത്തെന്നാണ് വിജിലൻസ് കണ്ടെത്തൽ. വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ അൻവർ നാലാംപ്രതിയാണ്. സഹായി സിയാദ്, കെഎഫ്സി ചീഫ് മാനേജർ അബ്ദുൽ‌ മനാഫ്, ഡെപ്യൂട്ടി മാനേജർ മിനി, മുനീർ അഹമ്മദ് എന്നിവരെല്ലാം വിജിലൻസ് കേസിൽ പ്രതികളാണ്. ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച അൻവർ ഇപ്പോൾ തൃണമൂൽ കോൺഗ്രലിലാണ്. നിലമ്പൂരിലെ എംഎൽഎ ആയിരുന്ന അൻവർ കഴിഞ്ഞ തവണ നിലമ്പൂരിൽ പരാജയപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അൻവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *