കോതമംഗലം: കോട്ടപ്പടി പ്രദേശത്തെ മുതിർന്ന കോൺഗ്രസ് നേതാവും ഐഎൻടിയുസി പ്രവർത്തകനുമായ കൈതമന ജോസാണ് 13-ാം വാർഡിൽ വിമതനായി മത്സരത്തിനിറങ്ങിയത്. പാർട്ടി പ്രവർത്തകൻ പോലുമല്ലാത്ത ആളെ സ്ഥാനാർഥിയാക്കുന്നുവെന്നായിരുന്നു ജോസിൻറെ ആരോപണം. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതിയായ വെള്ളിയാഴ്ച പൂരിപ്പിച്ച പത്രികയുമായി കൈതമന ജോസ് എത്തി.
ടോക്കൺ വാങ്ങി പത്രിക സമർപ്പിക്കാനുള്ള ഊഴത്തിനായി കാത്തിരിക്കുമ്പോളാണ് ജോസിൻറെ കയ്യിൽ നിന്ന് പത്രിക തട്ടിയെടുത്തുകൊണ്ട് പ്രാദേശിക നേതാവ് ഓടിയത്. ഉടൻ തന്നെ കൈതമന ജോസ് അടുത്തുള്ള കോട്ടപ്പടി പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
പത്രിക തട്ടിയെടുത്ത് ഓടിയ നേതാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതറിഞ്ഞ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് അദ്ദേഹത്തിൻറെ കൈയിൽ നിന്ന് പത്രിക വാങ്ങി തിരികെ നൽകി. തുടർന്ന് ജോസ് പത്രിക സമർപ്പിച്ചു. 40 വർഷമായി താൻ പാർട്ടിയിൽ പ്രവർത്തിച്ചുവരികയാണെന്നും കോട്ടപ്പടിയിലെ കോൺഗ്രസ് തന്നോട് കാണിക്കുന്നത് ഗുണ്ടായിസമാണെന്നും ജോസ് പറഞ്ഞു.





