ബാങ്കോക്ക്: കംബോഡിയ- തായ്‌ലൻഡ് അതിർത്തി വീണ്ടും സംഘർഷഭരിതമാകുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഒപ്പിട്ട സമാധാന കരാർ പിന്തള്ളിക്കൊണ്ടാണ് സംഘർഷം രൂക്ഷമായത്. കംബോഡിയയുടെ ആക്രമണത്തിൽ ഒരു തായ് സൈനികൻ കൊല്ലപ്പെടുകയും നിരവധി സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.
പിന്നാലെ കംബോഡിയൻ സൈനിക താവളങ്ങൾക്ക് നേരെ തായ്‌ലൻഡ് വ്യോമാക്രമണം നടത്തി. വെടിനിർത്തൽ കരാർ ലംഘിച്ചതിന് പിന്നാലെ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് ഇരു രാജ്യങ്ങളും രംഗത്തെത്തി. ഉബോൻ റാച്ചത്താനി പ്രവിശ്യയിൽ കംബോഡിയൻ സൈന്യം തായ് സൈന്യത്തിന് നേരെ വെടിവെപ്പ് നടത്തിയതോടെയാണ് സംഘർഷം വീണ്ടും ആരംഭിച്ചതെന്നാണ് തായ്‌ലൻഡിന്റെ ആരോപണം. എന്നാൽ തായ്‌ലൻഡിൻറെ വാദങ്ങൾ കംബോഡിയ തള്ളി. പ്രീഹ് വിഹാർ, ഓഡാർ മീൻചെ എന്നിവടങ്ങളിലെ അതിർത്തി പ്രവിശ്യകളിൽ തായ് സൈന്യമാണ് ആദ്യം ആക്രമണം നടത്തിയതെന്നും കംബോഡിയ ആരോപിച്ചു. കംബോഡിയയുമായി അതിർത്തി തർക്കമുള്ള പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തിയതായി തായ്‌ലൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ആദ്യം സംഘർഷമുണ്ടായത്.
43 പേർ കൊല്ലപ്പെട്ടു. 3 ലക്ഷംപേർക്ക് വീടുകൾ നഷ്ടമായി. ഏഷ്യയിൽ ത്രിരാഷ്ട്ര സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡന്റിനെ സാക്ഷിയാക്കിയാണ് ഒക്ടോബർ 26ന് തായ്‌ലൻഡും കംബോഡിയയും സമാധാന കരാർ ഒപ്പിട്ടത്. തായ്‌ലൻഡും കംബോഡിയയുമായി 817 കിലോമീറ്റർ അതിർത്തിയുണ്ട്. അതിർത്തി മേഖലയിലെ പൗരാണിക ശിവക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തായ്‍ലൻഡിനാണെന്നാണ് രാജ്യാന്തര കോടതി വിധി. ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമിയെച്ചൊല്ലിയാണ് സംഘർഷം.





