ഇടുക്കി: തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിന് ഇടുക്കി ജില്ലയിലെ വിവിധ ഇടങ്ങളിൽ ഹരിത പോളിങ്ങ് ബൂത്തുകൾ. ശുചിത്വ മിഷന്റെ സഹകരണത്തോടെ പനമ്പ്, ഓല, മുള, ഈറ്റ, പായ, കച്ചി തുടങ്ങിയവ ഉപയോഗിച്ചാണ് ബൂത്ത് സജ്ജമാക്കിയത്. എല്ലാ ബുത്തുകളും ഹരിതചട്ടം പാലിക്കണമെന്നും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശമുണ്ടായിരുന്നു. ഇതുപ്രകാരമാണ് ഹരിത പോളിങ്ങ് ബൂത്തുകൾ സജ്ജമാക്കിയത്. പോളിങ്ങ് ബൂത്തിലേക്കുള്ള പാതയുടെ ഇരുവശങ്ങളിലും ഹരിതചട്ടം പാലിച്ച് വിവിധതരം വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച അലങ്കാരങ്ങളുമുണ്ട്. ബുത്തിൽ ആളുകൾക്ക് വിശ്രമിക്കാനുള്ള സൗകര്യവും ദാഹമകറ്റാൻ മൺകൂജയിൽ കുടിവെള്ളവും ഒരുക്കിയിരുന്നു. വോട്ടു ചെയ്യുന്നതിന്റെ പ്രാധാന്യവും ഹരിത ചട്ടങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങളും പ്രദർശിപ്പിച്ചിരുന്നു. കൂടാതെ സെൽഫി പോയിന്റും… നിർമാണത്തിലെ മികവാണ് ബുത്തിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ബൂത്തുകളിൽ സ്റ്റിറോഫോം, പ്ലാസ്റ്റിക് കപ്പ്, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള ഡിസ്പോസിബിൾ പാത്രങ്ങൾ എന്നിവ നിരോധിച്ചിരുന്നു. പാഴ്സൽ കവറുകളും അനുവദിച്ചിരുന്നില്ല. കൂടാതെ വോട്ടർ സ്ലിപ്പുകൾ നിക്ഷേപിക്കുന്നതിനായി പ്രത്യേകം ബിന്നുകളും സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെയും വിതരണ – സ്വീകരണ കേന്ദ്രങ്ങളിലെയും മാലിന്യം തരംതിരിച്ച ശേഖരണം നടത്തി ശാസ്ത്രീയമായി സംസ്കരിക്കുവാനാണ് തീരുമാനം.
ഇടുക്കി ജില്ലയിലെ വിവിധ ഇടങ്ങളിൽ ഹരിത പോളിങ്ങ് ബൂത്തുകൾ






