കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ ആറു പേരുടെ ശിക്ഷ ഇന്ന് വിധിക്കും. ദിലീപ് അടക്കമുള്ള പ്രതികളെ വെറുതേ വിടാനുണ്ടായ കാരണങ്ങളും വിധിയിൽ വ്യക്തമാകുമെന്നാണ് കരുതുന്നത്. പൾസർ സുനി, മാർട്ടിൻ ആൻറണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. പത്ത് കുറ്റാരോപണങ്ങൾ ഇവർക്കെതിരേ തെളിയിക്കപ്പെട്ടിട്ടുണ്ട്. 20 വർഷം വരെ കഠിന തടവോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അതേസമയം, വിചാരണ കാലയളവിൽ എട്ട് വർഷത്തോളം ജയിലിൽ കഴിഞ്ഞത് ശിക്ഷാ പരിധിയിൽ പരിഗണിക്കാനാണ് സാധ്യത. ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ശിക്ഷ വിധിക്കും മുൻപ് പ്രതികൾക്കു പറയാനുള്ളത് കോടതി കേൾക്കും. രാവിലെ 11 മണിക്കാണ് കോടതി നടപടികൾ ആരംഭിക്കുക. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം. വർഗീസാണ് ശിക്ഷ വിധിക്കുക. കുറ്റവിമുക്തരായ പ്രതികൾ ശിക്ഷാ വിധി കേൾക്കാൻ കോടതിയിൽ ഹാജരാകേണ്ടതില്ല. കുറ്റം ചെയ്തിട്ടില്ലെന്നു കോടതിക്കു ബോധ്യപ്പെടുകയോ, അതല്ലെങ്കിൽ കുറ്റം നിസംശയം തെളിയിക്കാൻ പ്രോസിക്യൂഷനു സാധിക്കാതെ വരുകയോ ചെയ്യുമ്പോഴാണ് സാധാരണഗതിയിൽ പ്രതികളെ കുറ്റവിമുക്തരാക്കുക. ദിലീപിനു ഗൂഢാലോചനയിൽ പങ്കുണ്ടെന്നു തെളിയിക്കാനായിട്ടില്ലെന്നാണ് കോടതി നേരത്തെ പറഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ശിക്ഷാ വിധിയുടെ ഭാഗമായി പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ ശിക്ഷാ വിധി ഇന്ന്






