ഇടുക്കി: മൂന്നാർ കുണ്ടളയ്ക്കും മാട്ടുപ്പെട്ടിക്കും സമീപം കടുവ ഇറങ്ങിയെന്ന പ്രചരണം വ്യാജമെന്ന് വനം വകുപ്പ്. കടുവയും മൂന്ന് കുഞ്ഞുങ്ങളും ഉള്ള ദൃശ്യമാണ് പ്രചരിച്ചത്. ദൃശ്യം വ്യാജമെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കുണ്ടളയ്ക്ക് സമീപമുള്ള റോഡിൽ തള്ളക്കടുവയെയും മൂന്നു കുഞ്ഞുങ്ങളെയും നാട്ടുകാർ കണ്ടതായി വാർത്ത പ്രചരിച്ചത്. വാഹനത്തിൽ ഇരുന്ന് പകർത്തിയതെന്ന തരത്തിൽ ഇവയുടെ വിഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു. അമ്മ കടുവയും കുഞ്ഞുങ്ങളും റോഡിലൂടെ നടക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
എന്നാൽ ഈ ദൃശ്യങ്ങൾ ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലാ ആസ്ഥാനമായ രുദ്രാപൂരിൽ നിന്ന് 6 കിലോമീറ്റർ അകലെയുള്ള ഛത്തർപൂർ പ്രദേശത്ത് നിന്നുള്ളതാണെന്ന് അന്വേഷണത്തിൽ നിന്നും മനസിലാക്കാനായതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വീഡിയോ പ്രചരിക്കാനിടയായ സാഹചര്യത്തെ കുറിച്ച് വനംവകുപ്പ് അന്വേഷണമാരംഭിച്ചു.






