Timely news thodupuzha

logo

പാലായുടെ അടുത്ത അഞ്ചു വർഷത്തെ ഭരണം പുളിക്കക്കണ്ടം ഫാമിലി തീരുമാനിക്കും

പാല: ന​ഗരസഭയിൽ ബിനു പുളിയ്ക്കക്കണ്ടവുമായി പോരടിച്ച ഇടതിനു ഭരണം തന്നെ നഷ്ടമായി; കേരളാ കോൺഗ്രസിനു തട്ടകത്തിൽ വൻ തിരിച്ചടിയുമായി. പാലായിൽ നഗരസഭാ അധ്യക്ഷസ്ഥാനം സിപിഎം നിരസിച്ചതിനെത്തുടർന്ന് പാർട്ടി വിട്ട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ബിനു പുളിക്കക്കണ്ടവും ഒപ്പം ബിനുവിൻ്റെ മകൾ ദിയ ബിനു, സഹോദരൻ ബിജു പുളിക്കണ്ടം എന്നിവരും തകർപ്പൻ വിജയം നേടി.

നഗരസഭയിലെ 13, 14, 15 വാർഡുകളിൽ നിന്നാണ് മൂന്നുപേരും വിജയിച്ചത്. ബിനുവിനും മകൾക്കും സഹോദരനും യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു ധാരണപ്രകാരം സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. നിലവിലുള്ള സീറ്റ് നില അനുസരിച്ച് എൽഡിഎഫിനോ യുഡിഎഫിനോ ഭരണം പിടിക്കാൻ ബിനുവിന്റെയും ടീമിൻ്റെയും സഹായം കൂടിയേതീരൂ. 20 വർഷമായി കൗൺസിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാർഥിയായും ഒരു തവണ സിപിഎം സ്ഥാനാർഥിയായും 2 തവണ സ്വതന്ത്രനായുമാണു ജയിച്ചത്.

ഇപ്പോഴത്തെ നഗരസഭയിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ഏകയാളായിരുന്നു ബിനു. എന്നാൽ കേരള കോൺഗ്രസു (എം) മായുള്ള തർക്കങ്ങൾക്കൊടുവിലാണ് ബിനുവിനെ സിപിഎം പുറത്താക്കിയത്. നഗരസഭാധ്യക്ഷ സ്ഥാനം സിപിഎം നിഷേധിച്ചതിനെത്തുടർന്ന് കറുപ്പ് വസ്ത്രമണിഞ്ഞ് ബിനു പ്രതിഷേധിച്ചിരുന്നു.

അതേസമയം, ബിനുവിൻ്റെ മകൾ ദിയ ബിനുവിന്റെ കന്നിയങ്കം കൂടിയായിരുന്നു ഇത്തവണ. മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ് ഇരുപത്തിയൊന്നുകാരിയായ ദിയ. 40 വർഷം കേരള കോൺഗ്രസ്(എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി.സുകുമാരൻ നായർ പുളിക്കക്കണ്ടത്തിൻ്റെ മക്കളാണ് ബിനുവും ബിജുവും.

ബിനുവിൻ്റെ നേതൃത്വത്തിൽ തെക്കേക്കരയിലെ ചെറുപ്പക്കാരുടെ വിജയമാണ് ഇത്. രാഷ്ട്രീയത്തിനതീതമായ മുന്നേറ്റമായിരുന്നു. ബിനു ഏതു മുന്നണിയിൽ നിന്നാലും വിജയിക്കുന്ന സ്ഥാനാർത്ഥി ആയിരുന്നു. ബിനുവിനെ ചേർത്തുനിർത്തുന്നതിൽ ഇടതുപക്ഷത്തിനുപറ്റിയ വീഴ്ച്ച ഭരണം തന്നെ നഷ്ടമാക്കി. കേരളാ കോൺഗ്രസിൻ്റെ പിടിവാശിക്കു സി പി എം കീഴടങ്ങിയതാണ് ബിനുവിനെ ഒഴിവാക്കാൻ കാരണം. ഇതിന് കനത്ത വിലയാണ് നൽകേണ്ടി വരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *