തൊടുപുഴ: അഭാഷക ക്ഷേമനിധി 20 ലക്ഷമായി ഉയർത്താം എന്ന് പറഞ്ഞു അഭിഭാഷകരെ വഞ്ചിച്ച എൽഡിഎഫ് സർക്കാരിന്റെ വഞ്ചനക്കെതിരെ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തൊടുപുഴ ജില്ലാ കോടതി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ കോടതി കോർട്ട് കോംപ്ലക്സിന് മുമ്പിൽ വഞ്ചനാദിനം ആചരിച്ചു. ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് യൂണിറ്റ് പ്രസിഡണ്ട് അഡ്വ. കെ.റ്റി അഭിലാഷ് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധയോഗം ഇടുക്കി ജില്ലാ പ്രസിഡണ്ട് അഡ്വ. സന്തോഷ് തേവർ കുന്നേൽ ഉദ്ഘാടനം ചെയ്തു.
പ്രതിഷേധ സംഗമത്തിൽ സീനിയർ അഭിഭാഷകരായ എം.എം ജോസഫ്, ഷാജൻ നിലപ്പന, സി.എസ് ജോർജുകുട്ടി, തൊടുപുഴ ബാർ അസോസിയേഷൻ സെക്രട്ടറി ഷാജി ജോസഫ്, സണ്ണി മാത്യു, സെബാസ്റ്റ്യൻ മാത്യു, രാജീവ് പാടത്തിൽ, സിജോ തയ്ച്ചേരി, സൗമ്യൻ മനയാനി ,അമൽ ജോഷി, അഭിജിത്ത് എന്നിവർ സംസാരിച്ചു. യു.ഡി.എഫ് സർക്കാരാണ് കേരളത്തിൽ ആദ്യമായി അഭിഭാഷകർക്കായി ക്ഷേമനിധി ഏർപ്പെടുത്തിയത്. അഞ്ച് ലക്ഷം ആയിരുന്ന ക്ഷേമനിധി 10 ലക്ഷമായി ഉയർത്തിയത് ഉമ്മൻചാണ്ടി സർക്കാരാണ്.
ഇതുവരെയായി അഭിഭാഷകരെ ക്ഷേമത്തിനായി എൽ.ഡി.എഫ് സർക്കാർ ഇൻഷുറൻസ്, അഭിഭാഷക സംരക്ഷണ നിയമം, പെൻഷൻ തുടങ്ങിയ കാര്യങ്ങളിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലാത്തതാണ്. നിയമസഭാ ഇലക്ഷനും കേരള ബാർ കൗൺസിൽ ഇലക്ഷനും മുമ്പിൽ കണ്ടുകൊണ്ടാണ് അഭിഭാഷക ക്ഷേമനിധി ഘട്ടം ഘട്ടമായി ഉയർത്താമെന്ന് പറഞ്ഞു അഭിഭാഷകരെ വഞ്ചിക്കുന്ന സമീപനം സ്വീകരിച്ചത്. ഈ ഇടതുപക്ഷ വഞ്ചനക്കെതിരെ കേരളത്തിലെ എല്ലാ കോർട്ട് സെന്ററുകളിലും ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് ഇന്നേദിവസം വഞ്ചനാദിനമായി ആചരിക്കുകയാണ്. കഴിഞ്ഞ ബജറ്റിൽ കോർട്ട് ഫീസ് പതിന്മടങ്ങായി വർധിപ്പിച്ചിട്ടുള്ളതാണ്. ആയതിന്റെ യാതൊരു ആനുകൂല്യങ്ങളും അഭിഭാഷകർക്ക് ഇന്നേവരെ ലഭിച്ചിട്ടില്ലാത്തതാണ്.കോർട്ട് ഫീ വർദ്ധിപ്പിച്ചത് അഭിഭാഷക ക്ഷേമനിധി 20 ലക്ഷമായി ഉയർത്താം എന്ന് പറഞ്ഞാണ്.






