Timely news thodupuzha

logo

ആശുപത്രികളിൽ സമാധാനപരമായും സുരക്ഷിതമായും ജോലി ചെയ്യാൻ സാഹചര്യം ഉറപ്പാക്കണം; കെ.ജി.എം.ഒ.എ

ഇടുക്കി: ജില്ലയിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ അക്രമ സംഭവങ്ങൾ വർദ്ധിച്ചു വരുന്നതിൽ കെ.ജി.എം.ഒ.എ ആശങ്ക രേഖപ്പെടുത്തുന്നു. ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ ആരോഗ്യപ്രവർത്തകർക്ക് കാര്യക്ഷമമായും സുരക്ഷിതമായും ജോലി ചെയ്യാൻ ട്രയാജ് സംവിധാനം നടപ്പിലാക്കുകയും, സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും, പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുകയും വേണമെന്ന് കെജിഎംഒഎ നിരന്തരം ആവശ്യപ്പെട്ടുവരികയാണ്. എന്നാൽ, ഡോ. വന്ദനദാസിന്റെ മരണത്തിനുശേഷവും താമരശ്ശേരിയിൽ ഡോക്ടർക്കെതിരെ ഉണ്ടായ ആക്രമണത്തിനുശേഷവും യാതൊരു ഗുണപരമായ മാറ്റവും ഉണ്ടായിട്ടില്ലെന്ന് കെജിഎംഒഎ ഇടുക്കി ജില്ലാ നേതൃത്വം വ്യക്തമാക്കി. മറിച്ച്, ജില്ലയിൽ ആശുപത്രി ജീവനക്കാരുടെ ജീവന് ഭീഷണി ഉയർത്തുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്.

കഴിഞ്ഞ ഞായറാഴ്ച (01/02/2026) നെടുംകണ്ടം താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ, വയറുവേദനയുമായി എത്തിയ ഒരു സ്ത്രീയെ ഡോക്ടർ പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരു വ്യക്തി ബലം പ്രയോഗിച്ച് മുറിയിലേക്ക് കയറി വനിതാ ഡോക്ടറോടും സ്റ്റാഫ് നഴ്സിനോടും മോശമായി പെരുമാറിയതായി കെജിഎംഒഎ അറിയിച്ചു. ഗുരുതരാവസ്ഥയിലുള്ള മറ്റുരോഗികളെ പരിശോധിക്കാൻ സമ്മതിക്കാതെ തനിക്ക് വിറ്റാമിൻ ബി12 ഇൻജെക്ഷൻ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട ഇയാൾ, താൻ പോലീസ് സൂപ്രണ്ടാണെന്ന് അവകാശപ്പെടുകയും, അപമാനകരമായ ഭാഷ ഉപയോഗിക്കുകയും, ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഡോക്ടറെ മറ്റ് രോഗികളെ പരിശോധിക്കാൻ അനുവദിക്കാതെയും, പൊതുസ്ഥലത്ത് വനിതാ ഡോക്ടറെ അധിക്ഷേപിക്കുകയുമായിരുന്നു.

ആശുപത്രികളെ സുരക്ഷിത കേന്ദ്രങ്ങളാക്കുന്നതിനുള്ള നടപടികൾ വൈകുന്നപക്ഷം, ഇനിയും അനിഷ്ട സംഭവങ്ങൾ ആവർത്തിക്കപ്പെടാൻ ഇടയുണ്ടെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നൽകി. ഈ സംഭവത്തിൽ സംഘടന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാത്തപക്ഷം, ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *