Timely news thodupuzha

റോഡിൽ അരി ചിതറി വീണു; മൂലമറ്റം ഫയർഫോഴ്‌സെത്തി റോഡ് അപകട രഹിതമാക്കി

മൂലമറ്റം: അറക്കുളത്തുള്ള ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ(എഫ്.സി.ഐ) ഗോഡൗണിലേക്ക് അരിയുമായി വന്ന ലോറിയും തൊടുപുഴയിലേക്ക് പോകുകയായിരുന്ന പ്രൈവറ്റ് ബസും തമ്മിൽ കൂട്ടിയിടിച്ച് ലോറിയിൽ ഉണ്ടായിരുന്ന അരിച്ചാക്കുകൾ പൊട്ടി റോഡിൽ ഏകദേശം നൂറ് മീറ്റർ ദൂരത്തിൽ അരി വീണു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കോളപ്ര പോസ്റ്റ് ഓഫീസിന് മുന്നിലാണ് സംഭവം ഉണ്ടായത്. ലോറിയിൽ കെട്ടിയിരുന്ന കയർ അഴിഞ്ഞുപോയി അരിച്ചാക്കുകൾ ഒരു വശത്തേക്ക് ചരിഞ്ഞ് കുറെ ദൂരം വാഹനം ഓടിയതായി ദൃക്സാക്ഷികൾ പറഞ്ഞു. അപകട വിവരം പോസ്റ്റ് ഓഫീസ് ജീവനക്കാരൻ ആയ ബിനിൽ ആണ് അഗ്നി രക്ഷാ സേനയിൽ അറിയിച്ചത്. ഉടൻതന്നെ മൂലമറ്റത്ത് നിന്നും സേന സ്ഥലത്തെത്തി. ചിതറിക്കിടന്ന അരി കോരിമാറ്റിയതിനുശേഷം ഏകദേശം പത്ത് മിനിറ്റ് വെള്ളം പമ്പ് ചെയ്ത് റോഡ് പൂർണ്ണമായും വൃത്തിയാക്കുകയും ചെയ്തു. അപകടത്തിൽ ബസ് യാത്രക്കാരിൽ ഒരാളുടെ കൈക്ക് പരിക്കേൽക്കുകയും ചെയ്തു. ലോറിയിലെ മൂന്ന് ചാക്ക് അരിയാണ് റോഡിൽ പൊട്ടിവീണത്. മൂലമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ബിജു സുരേഷ് ജോർജിൻ്റെ നേതൃത്വത്തിൽ ജിൻസ് മാത്യു, സിജു എം പി, ശ്രീകാന്ത് സി ആർ, സന്ദീപ് കെ, ജെയിംസ് തോമസ്, പ്രവീൺ കെ പി എന്നിവരായിരുന്നു രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *