Timely news thodupuzha

logo

നീ നിന്റെ വേദനയല്ല; ആൻ്റണി പുത്തൻപുരയ്ക്കൽ

ഒരു കൊടുങ്കാറ്റ് കടലിനെ ഇളക്കിമറിക്കുന്നു. ഓളങ്ങൾ ആർത്തിരമ്പി, നുരഞ്ഞുപൊങ്ങി തീരത്തേക്ക് ആഞ്ഞടിക്കുന്നു. എന്നാൽ കടലിന്റെ ആഴം, അടിത്തട്ട്, നിശ്ചലമാണ്. കൊടുങ്കാറ്റ് അവിടെ എത്തുന്നില്ല.
വേദന ഓളങ്ങളാണ്. നീ കടലാണ്.

ഒരു മനുഷ്യജീവും വേദനകളോ, ബുദ്ധിമുട്ടുകളോ ഇല്ലാതെ ജീവിച്ചു തീർക്കുന്നില്ല. നഷ്ടങ്ങൾ, പരാജയങ്ങൾ, നിരസിക്കപ്പെടലുകൾ, അപമാനങ്ങൾ, രോഗങ്ങൾ—ഇവയെല്ലാം നമ്മെ ഒരുവിധത്തിൽ അല്ലെങ്കിൽ, മറ്റൊരു വിധത്തിൽ അലട്ടിക്കൊണ്ടിരിക്കും. എന്നാൽ ഈ അനുഭവങ്ങൾ നമ്മെ സ്പർശിക്കുന്നുവെന്നത് യാഥാർത്ഥ്യമാണ.എന്നാൽ വേദന തന്നെയാണ് നമ്മൾ എന്ന തെറ്റിദ്ധാരണയായി മാറുന്ന നിമിഷങ്ങളിലാണ് മനുഷ്യൻ ഏറ്റവും കൂടുതൽ തളരുന്നത്. അതാണ് നാം ഓർമ്മിക്കേണ്ടത്: നീ നിൻ്റെ വേദനയല്ല.

വേദന ഒരു അനുഭവമാണ്; വ്യക്തിത്വമല്ല, സ്വത്വമല്ല. അത് നിൻ്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഒരു ഘട്ടമാണ്; നിൻ്റെ മുഴുവൻ സ്വരൂപമല്ല. എന്നാൽ പലപ്പോഴും നമ്മൾ വേദനയോട് വളരെയധികം ഐക്യപ്പെടുന്നു. അത് നാം തന്നെയാണെന്ന് സ്വന്തം തിരിച്ചറിയലാക്കി മാറ്റുന്നു. “ഞാൻ പരാജയമാണ്”, “ഞാൻ സ്നേഹം അർഹിക്കുന്നില്ല”, “എനിക്ക് എന്നും ഇങ്ങനെ തന്നെയാകും” എന്നുള്ള ചിന്തകൾ, വിലാപങ്ങൾ അങ്ങനെ രൂപപ്പെടുന്നു. യഥാർത്ഥ്യത്തിൽ ഇവ വേദനയുടെ ശബ്ദങ്ങളാണ്; നിൻ്റെ യഥാർത്ഥ ശബ്ദമല്ല. ദുഃഖം നമ്മുടെ സ്വത്വമാകുമ്പോൾ, ഒരു വ്യക്തി ദുഃഖത്തിൽ മുങ്ങിപ്പോകുന്നു. ആ നിമിഷം, “ഞാൻ” എന്നതും “വേദന” എന്നതും തമ്മിലുള്ള അതിർത്തി അലിഞ്ഞു ഇല്ലാതാകുന്നു. അപ്പോൾ വേദന ഒരു അനുഭവമല്ലാതെ, ഒരു അസ്തിത്വമായി മാറുന്നു.

വേദന നമ്മെ മൂടുമ്പോൾ, നമ്മുടെ ഉള്ളിലെ ശേഷികളും സാധ്യതകളും മറഞ്ഞുപോകുന്നു. എന്നാൽ വേദന അനുഭവിക്കുന്നതുകൊണ്ട് മാത്രമല്ല മനുഷ്യൻ നിർവ്വചിക്കപ്പെടുന്നത്. വേദനയെ കാണുകയും, അതിനെ അംഗീകരിക്കുകയും, അതിലൂടെ വളരുകയും ചെയ്യുന്ന കഴിവാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. വേദനയെ നിഷേധിക്കലല്ല, മറിച്ച് അതിൽ പൂർണ്ണമായി ലയിക്കാതെ, അതിനെ അകലത്തിൽ നിന്ന് കാണാനുള്ള ബോധമാണ് സുഖപ്പെടുത്തലിന്റെ തുടക്കം.

ഒരു മുറിവ് ശരീരത്തിൽ ഉണ്ടാകുമ്പോൾ, ആ മുറിവ് നിന്റെ ശരീരത്തിൽ ഉള്ളതാണ്, നീ ആ മുറിവല്ല. മനസ്സിലും ഇങ്ങനെ തന്നെ — ദുഃഖം, ഭയം, നഷ്ടബോധം, ഒറ്റപ്പെടൽ — ഇവ നിന്നിലൂടെ കടന്നുപോകുന്ന അനുഭവങ്ങളാണ്, നിന്റെ ആഴത്തിലുള്ള സ്വത്വമല്ല. ആകാശത്ത് കൂടി കടന്നുപോകുന്ന മേഘം ആകാശത്തെ മാറ്റുന്നില്ല — ഇരുണ്ട മേഘം പോലും.

നിന്റെ വേദന നിന്റെ കഥയുടെ ഭാഗമാണ്. പക്ഷേ നീ ആ കഥ മാത്രമല്ല — നീ ആ കഥ വായിക്കുന്നവനും കൂടിയാണ്. കഥ മാറാം, ഭാഷ മാറാം, അർഥം മാറാം. എന്നാൽ വായിക്കുന്നവൻ — ആ ഉള്ളിലെ നിശ്ചലത — അത് വേദനയ്ക്ക് തൊടാൻ കഴിയാത്ത ഒന്നാണ്. വേദനയ്ക്ക് സാക്ഷ്യം വഹിക്കുവാൻ കഴിയുന്ന ഒരാൾ നിനക്കുള്ളിൽ ഉണ്ട് — അത് വേദന കൊണ്ട് നിർമ്മിക്കപ്പെട്ടതല്ല.

“നീ നിൻ്റെ വേദനയല്ല” എന്ന ബോധ്യം നമ്മെ ഉത്തരവാദിത്തബോധത്തിലേക്കും കരുണയിലേക്കും നയിക്കുന്നു. സ്വന്തം വേദനയോട് കരുണ കാണിക്കുമ്പോൾ, മറ്റുള്ളവരുടെ വേദനയോടും നമ്മൾ കൂടുതൽ സാവധാനമാകുന്നു. അപ്പോൾ വേദന ഒരു തടസ്സമല്ല; അത് മനുഷ്യബന്ധങ്ങളെ കൂടുതൽ ആഴപ്പെടുത്തുന്ന ഒരു പാലമാകുന്നു.

വേദന ശരീരത്തിൽ അനുഭവപ്പെടുന്നു, പക്ഷേ അത് എത്രത്തോളം “വേദന” ആകുന്നു എന്നത് മനസാണ് തീരുമാനിക്കുന്നത്.

വേദനയെ: ശ്രദ്ധയോടെ കാണുക, അതിന് ഭാഷ നൽകുക, അതിൽ മുഴുവനായി ലയിക്കാതിരിക്കുക, ഇതാണ് സുഖപ്പെടുത്തലിന്റെ തുടക്കം.

ജീവിതത്തിൽ ആഴത്തിൽ മുറിപ്പെട്ടവർ ചിലപ്പോൾ പറയുന്നത് ഇങ്ങനെ: “ഇത് ഞാൻ തന്നെയാണ്, ഇതാണ് ഞാൻ.” ബാല്യത്തിലെ ഉപേക്ഷ, ഒരു ബന്ധത്തിന്റെ തകർച്ച, ആരും കാണാതെ പോയ വർഷങ്ങൾ — ഇവ സ്വത്വത്തിന്റെ ഭാഗമായി ഉൾവലിഞ്ഞിരിക്കുന്നു. “ഞാൻ ഉപേക്ഷിക്കപ്പെടാൻ യോഗ്യനാണ്” എന്ന ചിന്ത, ഒരു ചിന്ത എന്ന നിലയിൽ അല്ല, ഒരു സത്യം എന്ന നിലയിൽ ജീവിക്കുന്നു.

എന്നാൽ ആ വേദനയ്ക്ക് ഒരു ആരംഭം ഉണ്ടായിരുന്നു. ആരംഭമുള്ളതിന് അന്തവും ഉണ്ട്. നീ അതിനു മുൻപും ഉണ്ടായിരുന്നു.

ധ്യാനത്തിൽ ഒരു ലളിതമായ പരിശീലനമുണ്ട്. വേദന വരുമ്പോൾ, അതിനെ തള്ളിമാറ്റാതെ, അതിൽ മുങ്ങിപ്പോകാതെ, ഒരു ചോദ്യം ഉള്ളിൽ ഉണർത്തുക — “ഇത് അനുഭവിക്കുന്ന ഞാൻ ആരാണ്?” ആ ചോദ്യം ഉത്തരം തരില്ല. അത് ഒരു ഇടം തുറക്കും — വേദനയ്ക്കും നിനക്കും ഇടയിൽ ഒരു ചെറിയ, ജീവദായകമായ ദൂരം.

ആ ദൂരത്തിലാണ്, സൗഖ്യം ആരംഭിക്കുന്നത്.

നീ നിന്റെ വേദനയല്ല. നീ അതിനെ വഹിക്കുന്ന ആഴമാണ്.

Leave a Comment

Your email address will not be published. Required fields are marked *