കൊച്ചി: നഗരത്തെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. കലൂർ സ്‌റ്റേഡിയം കവാടത്തിന് മുന്നിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ കാത്തു നിന്ന ആയിരക്കണക്കിന് പ്രവർത്തകരെ മോദി അഭിവാദ്യം ചെയ്തു. തുടർന്ന് കലൂർ നെഹ്‌റു സ്റ്റേഡിയത്തിലെ വേദിയിൽ കേന്ദ്രസർക്കാരിൻറെ 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു.
കേരളത്തിൻറെ വികസനത്തിന് വേഗം പകരുന്നതിനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാത, കോഴിക്കോട് ബൈപാസിൻറെ വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാത എന്നവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഷൊർണൂർ ജങ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി റെയിൽവേ സ്‌റ്റേഷനുകളുടെയും ഷൊർണൂർ നിലമ്പൂർ റോഡ് റെയിൽവേ ലൈൻ വൈദ്യുതീകരണ പദ്ധതിയുടെയും ഉദ്ഘാടനവും നിർവഹിച്ചു. പാലക്കാട് – പൊള്ളാച്ചി റൂട്ടിലെ പുതിയ ട്രെയിൻ സർവീസിൻറെ ഫ്ലാഗ് ഓഫും പ്രധാനമന്ത്രി കൊച്ചിയിൽ നിർവഹിച്ചു. ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ 5,500 കോടി രൂപ ചെലവിട്ട് സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാൻറിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. സൗരോർജ ശക്തിയിൽ മുന്നിലാണ് രാജ്യം. കേരളവും സൗരോർജ മേഖലയിൽ മുന്നേറണം. ഇതിനായാണ് കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളർ പദ്ധതിക്ക് തറക്കല്ലിട്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ കൂടുതൽ ജല സ്രോതസുകളുള്ള സ്ഥലം ആണ്. അവസരം ഉപയോഗിക്കുന്നതിൻറെ ആദ്യ പടിയാണ് വെസ്റ്റ് കല്ലട ഫ്ലോട്ടിങ് സോളാർ പദ്ധതി.
ആധുനിക അടിസ്ഥാന സൗകര്യത്തിൽ രാജ്യത്ത് ഉണ്ടായത് വലിയ മാറ്റമാണ്. ബജറ്റിൽ ഈ മേഖലയിൽ വലിയ നീക്കിയിരുപ്പുണ്ട്. കേരളത്തിലും അതിന് അനുസരിച്ചുള്ള മാറ്റങ്ങൾ കണ്ട് വരുന്നുണ്ടെന്നും മോദി പറഞ്ഞു.






