Timely news thodupuzha

logo

ബ്രഹ്മപുരം തീപിടുത്തം; പൊലീസ്, വിജിലൻസ് അന്വേഷണവും വിദഗ്ധ സമിതിയുടെ പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് അന്വേഷണം വിജിലൻസ് അന്വേഷണം, വിദഗ്ധ സമിതിയുടെ പരിശോധന എന്നിവയാണ് നടക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്മപുരത്തെ തീ മാർച്ച് 13ന് പൂർണമായും അണച്ചതായി മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കൂട്ടായ പ്രയത്‌നത്തിലൂടെയാണ് ഇതു സാധ്യമായത്.

ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ നിർദേശങ്ങൾ പരിഗണിച്ചിട്ടുണ്ട്. കൃത്രിമ മഴ ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിച്ചെങ്കിലും പ്രായോഗികമല്ലെന്ന് അഭിപ്രായമാണ് ഉയർന്നത്. മാലിന്യം ഇളക്കിമറിച്ച് നനച്ചു തീ അണയ്‌ക്കേണ്ടിവന്നു. ഈ രീതിയാണ് ഏറ്റവും അഭികാമ്യം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി എടുത്തത്. തീപിടിത്തത്തെത്തുടർന്ന് പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകൾ പ്രത്യേക സംഘം അന്വേഷിക്കും.

ബ്രഹ്മപുരം പ്ലാൻറിൻറെ തുടക്കം മുതലുള്ള നടപടികളിൽ വിജിലൻസ് അന്വേഷണം നടത്തും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാനുള്ള നടപടികൾ നിർദേശിക്കുന്നതിനു വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *