Timely news thodupuzha

logo

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധന; ഇന്ന് 765 രോഗികൾ, ഒരുമാസത്തിനിടെ 20 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധന. ഇന്ന് 765 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരുമാസത്തിനിടെ 20 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. ഇവരിൽ അധികവും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ് . പ്രമേഹവും, രക്താതിമർദവും തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരാണ് അധികവും. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തത്.

‌സംസ്ഥാനത്ത് കൊവിഡ് കേസുകൾ ചെറുതായി കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ എല്ലാ ജില്ലകൾക്കും നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കൊവിഡ് കേസുകൾ വർധിക്കുന്നത് മുന്നിൽ കണ്ടുള്ള സർജ് പ്ലാനുകൾ എല്ലാ ജില്ലകളും തയ്യാറാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ആശുപത്രികൾ മുമ്പത്തെപ്പോലെ കൃത്യമായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ആർസിസി, എംസിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികൾ എന്നിവർ കൊവിഡ് രോഗികൾക്കായി പ്രത്യേകം കിടക്കകൾ മാറ്റിവയ്ക്കണം. ആവശ്യകത മുന്നിൽ കണ്ട് പരിശോധനാ കിറ്റുകൾ, സുരക്ഷാ സാമഗ്രികൾ എന്നിവ സജ്ജമാക്കാൻ കെ.എം.എസ്.സി.എൽ.ന് നിർദേശം നൽകി. സംസ്ഥാനത്ത് സജ്ജമായ ഐസൊലേഷൻ വാർഡുകളിൽ കൊവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നൽകേണ്ടതാണ്. പൂർത്തിയാക്കാനുള്ള ഐസൊലേഷൻ വാർഡുകൾ എത്രയും വേഗം പ്രവർത്തനസജ്ജമാക്കാനും മന്ത്രി നിർദേശം നൽകി.

സംസ്ഥാനത്ത് ഫെബ്രുവരിയിൽ കേസുകൾ തീരെ കുറവായിരുന്നു. എന്നാൽ മാർച്ചോടെ നേരിയ വർധനവുണ്ടായി. ഒരു മാസത്തിനിടെ 20 കൊവിഡ് മരണം ഉണ്ടായിട്ടുള്ളതിൽ 60 വയസിന് മുകളിൽ പ്രായമുള്ളവരാണ് അധികവും. അവരിൽ പ്രമേഹവും, രക്താതിമർദവും തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരാണ് അധികവും. പ്രമേഹം, രക്താതിമർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗർഭിണികളും, കുട്ടികളും മാസ്‌ക് കൃത്യമായി ധരിക്കണം. ഇവർ കൊവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും വീണാ ജോർജ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *