തൊടുപുഴ: സെന്റ് തോമസ് മാര്‍ത്തോമ ഇടവകയുടെ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ 30ന് തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അഞ്ചിരിയില്‍ നിര്‍ധന കുടുംബത്തിന്റെ വീട് പുനരുദ്ധരിച്ച് കൊണ്ടാണ് ശതാബ്ദി പദ്ധതികള്‍ക്ക് തുടക്കമിട്ടത്. ആഘോഷ ഉദ്ഘാടനം 30ന് രാവിലെ 11ന് റൈറ്റ് റവ. ഡോ.എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ നിര്‍വഹിക്കും. വികാരി റവ. എബി ഉമ്മന്‍ അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ശതാബ്ദി ലോഗോ പ്രകാശനം ചെയ്യും.
ഭവന പുനരുദ്ധാരണ സഹായങ്ങള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, എക്യുമെനിക്കല്‍ മീറ്റിംഗ്, ചികില്‍സാ സഹായ പദ്ധതി, കുടുംബസംഗമം, മിഷന്‍ ടൂര്‍, ഇടവക ഡയറക്ടറി എന്നിവ ശതാബ്ദി പദ്ധതിയില്‍ ഉള്‍പ്പെടും. ഇടവകയിലെ 80 വയസ് കഴിഞ്ഞവരെയും ദാമ്പത്യത്തിന്റെ സുവര്‍ണ ജൂബിലി പിന്നിട്ടവരെയും മുന്‍ വികാരിമാരെയും സുവിശേഷകരെയും ചടങ്ങില്‍ ആദരിക്കും.
സണ്‍ഡേ സ്‌കൂളിലെ കുട്ടികള്‍ സമാഹരിക്കുന്ന തുക വണ്ടിപ്പെരിയാറില്‍ സഭ നടത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുളള സ്‌നേഹ സങ്കേതത്തിലെ അന്തേവാസികള്‍ക്ക് സമ്മാനിക്കും. മൂന്നാറില്‍ എയ്ഡ്‌സ് രോഗികളുടെ ബന്ധുക്കളെ അധിവസിപ്പിക്കുന്ന കനിവ് സ്ഥാപനവും സഭ നടത്തിവരുന്നു. മലങ്കര റബര്‍ എസ്റ്റേറ്റിന്റെ ഭരണചുമതലക്കായി തൊടുപുഴയിലെത്തിയവരുടെ 25 കുടുംബങ്ങള്‍ ചേര്‍ന്ന് 1924ലാണ് സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് സ്ഥാപിച്ചത്. നിലവില്‍ 40 കുടുംബങ്ങളുണ്ട്.
1963ല്‍ നിര്‍മിച്ച പുതിയ പളളി 2020ല്‍ നവീകരിച്ചു. 1992ല്‍ വ്യാപാര സമുച്ചയവും 2008ല്‍ പാരിഷ്ഹാളും പാഴ്‌സനേജും സ്ഥാപിച്ചു. പത്രസമ്മേളനത്തില്‍ വികാരി റവ. എബി ഉമ്മന്‍, സെക്രട്ടറി ഷാജി ജോര്‍ജ്, ആഘോഷകമ്മിറ്റി കണ്‍വീനര്‍ മാത്യു ജോര്‍ജ്, ട്രസ്റ്റി മാത്യു എബ്രഹാം, നിമ്മി ഷാജി എന്നിവര്‍ പങ്കെടുത്തു.