ഇടുക്കി: അരിക്കൊമ്പനെ വനം വകുപ്പ് മയക്കുവെടിവെച്ചു. ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടിവെച്ചത്. സിമന്‍റുപാലത്തിന് സമീപത്തു വച്ചാണ് വെടിവച്ചത്. വെടിയേറ്റ കൊമ്പൻ മയങ്ങിത്തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. പുലർച്ചെ മുതൽ അരിക്കൊമ്പൻ ട്രാക്കിങ് ടീമിന്‍റെ നിരീക്ഷണത്തിലായിരുന്നു. ശങ്കരപാണ്ഡ്യമേട് ഭാഗത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാന സ്വയം സിമന്‍റു പാലത്തേക്ക് ഇറങ്ങി വരികയായിരുന്നു. അരമണിക്കൂറാണ് സാധാരണ ഗതിയിൽ ആന മയങ്ങാൻ എടുക്കുന്നതെന്നാണ് വിലയിരുത്തൽ.
ആന മയങ്ങിയാലുടൻ കാലുകൾ വടം വെച്ച് ബന്ധിച്ച് കുങ്കികളുടെ സഹായത്തോടെ വാഹനത്തിൽ കയറ്റാനാണ് വനം വകുപ്പിന്‍റെ പദ്ധതി. അരിക്കൊമ്പനെ എങ്ങോട്ടാണ് മാറ്റുന്നതെന്ന കാര്യം വനം വകുപ്പ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2017 ൽ ഇതേ സാഹചര്യത്തിൽ 2 ദിവസങ്ങളിലായി 7 തവണ മയക്കുവെടി വെച്ചിരുന്നെങ്കിലും അരിക്കൊമ്പനെ പിടികൂടാനായിരുന്നില്ല. അന്ന് ഉൾക്കാട്ടിലേക്ക് കയറിപോയ അരിക്കൊമ്പൻ പിന്നീട് 2 വർഷത്തോളം കാടിന് പുറത്തേക്ക് വന്നിരുന്നില്ല.