അടിമാലി: മൂന്നാർ കല്ലാര്‍ എസ്റ്റേറ്റിലിറങ്ങുന്ന കടുവയെ പിടികൂടാന്‍ കൂടുവെക്കണമെന്ന് ആവശ്യവുമായി നാട്ടുകാര്‍. വളർത്തുമൃഗങ്ങള്‍ നിരന്തരം അക്രമത്തിനിരയാകാന്‍ തുടങ്ങിയതോടെ ജോലിക്കുപോലാന്‍ പോലുമാകാത്ത സ്ഥിതിയിലാണ് തോട്ടം തോഴിലാളികള്‍. പ്രദേശത്ത് ഒന്നിലധികം കടുവകളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കല്ലാര്‍ എസ്റ്റേറ്റില്‍ നിരന്തരം വളര്‍ത്തുമൃഗങ്ങളെ അക്രമിക്കുന്നത് കടുവയെന്ന് നാട്ടുകാരും വനംവകുപ്പും ഉറപ്പിക്കുന്നത് തോട്ടത്തിനുള്ളിലൂടെ കടന്നുപോയ ജീപ്പ് ഡ്രൈവര്‍ ചിത്രമെടുത്തതോടെയാണ്. സംഭവം നടന്നിട്ട് മുന്നു ദിവസം കഴിഞ്ഞെങ്കിലും കാര്യമായ നടപടിയോന്നുമില്ല. ഇതിനിടെ പലയിടങ്ങളില്‍ കടുവയെ തോട്ടം തോഴിലാളികള്‍ കണ്ടു. ഇതോടെയാണ് ഒന്നിലധികം കടുവകള്‍ പ്രദേശത്തുണ്ടെന്ന നിഗമനത്തില്‍ നാട്ടുകാരെത്തിയിരിക്കുന്നത്. എന്നാല്‍ വനംവകുപ്പ് ഇതുറപ്പിക്കുന്നില്ല.
കടുവ ഭീതി മുലം പ്രദേശത്തെ തോട്ടം തോഴിലാളികള്‍ ജോലിക്ക് പോകുന്നില്ല. വനംമന്ത്രി ഇടപെട്ട് കൂടുവച്ച് പിടിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. വനംവകുപ്പ് കാര്യമായോന്നും ചെയ്യാത്തതില്‍ വലിയ പ്രതിക്ഷേധമുണ്ട് പ്രദേശവാസികള്‍ക്ക് അതെസമയം കടുവ കാടിന് പുറത്തെത്താതിരിക്കാന്‍ നടപടിയെടുക്കുന്നുണ്ടെന്നാണ് വനംവകുപ്പിന്‍റെ പ്രതികരണം. കൂടുവെച്ച് പിടികൂടണമെന്ന നാട്ടുകാരുടെ ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും വിശദീകരിച്ചു.