തിരുവനന്തപുരം: താനൂർ ബോട്ട് അപകടത്തിന്റെ സാഹചര്യത്തിൽ കർശന സുരക്ഷാനടപടികൾ ചർച്ചയാകുമ്പോൾ മാധ്യമങ്ങളും പ്രതിക്കൂട്ടിൽ. ജല, റോഡ് ഗതാഗത സുരക്ഷാനടപടികൾ സർക്കാരുകൾ കർശനമാക്കുമ്പോഴൊക്കെ മാധ്യമങ്ങൾ അതിനെതിരെ രംഗത്തുവരാറുണ്ട്. ഒടുവിൽ സേഫ് കേരള പദ്ധതിക്ക് എതിരെയും പ്രചാരണമുണ്ടായി.
എ.ഐ കാമറകൾ വാഹനങ്ങളിലെ സ്വകാര്യത ഹനിക്കുന്നുവെന്ന് ഒരു പത്രം എഴുതി. സർക്കാരിന് വരുമാനമുണ്ടാക്കാനാണ് കാമറ ഘടിപ്പിക്കുന്നത് എന്നായി. ഇതിനിടെ, കാമറ എറിഞ്ഞുടയ്‌ക്കുമെന്ന് ചിലർ പറഞ്ഞു. സർക്കാരിന്റെ സുരക്ഷാമാനദണ്ഡങ്ങൾ കാരണം വിനോദസഞ്ചാര ബോട്ടുടമകൾ നാടുവിടുന്നുവെന്ന് നേരത്തേ ഇവർ വാർത്ത കൊടുത്തിരുന്നു.
സാധാരണക്കാർ എങ്ങനെ വിനോദയാത്ര നടത്തുമെന്ന് ചർച്ചകളും സംഘടിപ്പിച്ചു. കടലുണ്ടിയിൽ അഞ്ചുമണിക്കുശേഷം ടൂറിസ്റ്റ് തോണി യാത്ര നിരോധിച്ചപ്പോൾ എതിർപ്പുമായി രംഗത്തുവന്നു. ‘സഞ്ചാരികൾ നിരാശയിലെ’ന്ന തലക്കെട്ടോടെയുള്ള വാർത്ത ഇപ്പോൾ വൈറലാണ്.
വടക്കഞ്ചേരിയിൽ ടൂറിസ്‌റ്റ് ബസ് അപകടത്തിൽ വിദ്യാർഥികളും അധ്യാപകനും മരിച്ചതിനു പിന്നാലെ സർക്കാർ ഇടപെടൽ ഉണ്ടായപ്പോഴും ഇനിയെങ്ങനെ വിനോദയാത്ര പോകുമെഎന്ന മട്ടിൽ ഒരുവിഭാഗം ചർച്ച ഉയർത്തിക്കൊണ്ടുവന്നു. സർക്കാർ സംവിധാനങ്ങളും മാധ്യമങ്ങളും ജനങ്ങളും ചേർന്നുള്ള കരുതൽ നടപടിയാണ് ആവശ്യമെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്ന ചർച്ച. സുരക്ഷാനടപടികൾ ഇല്ലാത്ത ബോട്ടുകളിലും വാഹനങ്ങളിലും കയറാൻ യാത്രക്കാർ തയ്യാറാകരുതെന്നും നിർദേശത്തിനും ചർച്ചകളിൽ പിന്തുണയേറുന്നു.