തൃശൂർ: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷത്തിൻറെ ഭാഗമായി തേക്കിൻകാട് മൈതാനത്തെ വിദ്യാർഥി കോർണറിൽ നടക്കുന്ന ‘എൻറെ കേരളം’ മെഗാ പ്രദർശന വിപണന മേളയ്ക്ക് തുടക്കമായി. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്നിവയാണ് മെയ് 15 വരെ നടക്കുന്ന മേളയുടെ പ്രമേയം. താനൂർ ബോട്ട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ ഘോഷയാത്രയും വൈകിട്ട് നടത്താനിരുന്ന കലാപരിപാടിയും ഒഴിവാക്കിയിരുന്നു.
വൈകിട്ട് അഞ്ചിന് വാർഷികാഘോഷത്തിൻറെ ജില്ലാതല ഉദ്ഘാടനം മന്ത്രി ഡോ. ആർ ബിന്ദുവിൻറെ അധ്യക്ഷതയിൽ മന്ത്രി കെ രാജൻ നിർവഹിച്ചു. പ്രദർശന വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു . മേയർ, എംപിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
30ലേറെ സേവന സ്റ്റാളുകൾ ഉൾപ്പെടെ 130ലേറെ തീം സ്റ്റാളുകളും 110 കൊമേഷ്യൽ സ്റ്റാളുകളും ഉൾപ്പെടെ 270ലേറെ സ്റ്റാളുകൾ മേളയിലുണ്ടാകും. വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കീഴിലുള്ള ഉൽപന്നങ്ങളും വ്യവസായ വകുപ്പിന് കീഴിലെ ചെറുകിട ഇടത്തരം സംരംഭകരുടെ ഉൽപന്നങ്ങളുമാണ് പ്രദർശനത്തിനും വിപണനത്തിനും ഉണ്ടാവുക. കൂടാതെ വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന തീം സ്റ്റാളുകളും വിവിധ സർക്കാർ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന യൂട്ടിലിറ്റി സ്റ്റാളുകളുമുണ്ടാകും.
ആധാർ എൻറോൾമെൻറ്, പുതുക്കൽ ഉൾപ്പെടെ അക്ഷയ സേവനങ്ങൾ, ജീവിതശൈലീ രോഗങ്ങളുടെ പരിശോധന, മണ്ണ് – ജല പരിശോധന, ജനന മരണ വിവാഹ സർട്ടിഫിക്കറ്റുകൾ, എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ, ഫാമിലി, ലീഗൽ കൗൺസലിംഗ്, പാരൻറിംഗ് ക്ലിനിക്ക്, ന്യൂട്രീഷൻ ക്ലിനിക്ക്, ചെറിയ കുട്ടികളിലെ ഭിന്നശേഷി നിർണയ പരിശോധന, ഉദ്യം രജിസ്ട്രേഷൻ, കെ-സ്വിഫ്റ്റ് സേവനങ്ങൾ, സംരംഭകത്വ സഹായം, യുഎച്ച്ഐഡി കാർഡ് വിതരണം, ടെലി മെഡിസിൻ സേവനം, സാക്ഷരത- തുല്യതാ രജിസ്ട്രേഷൻ, ലഹരി വിരുദ്ധ ബോധവൽക്കരണം, വൈദ്യുതി സുരക്ഷ- ബോധവൽക്കരണം തുടങ്ങിയവ സൗജന്യ സേവനങ്ങളുടെ സ്റ്റാളുകളിലുണ്ടാകും.
റോബോട്ടിക്സ്, വെർച്വൽ റിയാലിറ്റി, ഓഗ്മെൻറഡ് റിയാലിറ്റി, ത്രീഡി പ്രിൻറിംഗ് ടെക്നോളജി തുടങ്ങിയവ പരിചയപ്പെടുത്തുന്ന ടെക്നോളജി പവലിയനാണ് മേളയിലെ മറ്റൊരു ആകർഷണം. തൃശൂർ ഗവ. എഞ്ചിനീ യറിംഗ് കോളജിൻറെ നേതൃത്വത്തിൽ ജില്ലയിലെ ടെക്നോളജി സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ളവയുമായി സഹകരിച്ചാണ് പവലിയൻ ഒരുക്കുക. കുട്ടികൾക്കും മുതിർന്നവർക്കും റോബോട്ടിക്സ് ഉൾപ്പെടെയുള്ളവയിൽ പരിശീലനം നൽകുന്ന ടെക്നോളജി ലേണിംഗ് സെൻററും ഇതിനോട് അനുബന്ധമായി ഒരുക്കിയിട്ടുണ്ട്.
കാർഷിക വികസന വകുപ്പ്, മൃഗസംരംക്ഷണ വകുപ്പ്, കെഎഫ്ആർഐ, വ്യവസായ വികസന വകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ്, കയർ വകുപ്പ്, തുട ങ്ങിയവ ഒരുക്കുന്ന ഔട്ട്ഡോർ ഡിസ്പ്ലേയിൽ ജില്ലയിലെ വിവിധ ഫാമുകൾ, നഴ്സറികൾ, തുടങ്ങിയവയുടെ വിവിധ ഇനം തൈകൾ, അലങ്കാര മത്സ്യങ്ങൾ, മൃഗങ്ങളുടെ സവിശേഷ ബ്രീഡുകൾ, അലങ്കാരപ്പക്ഷികൾ തുടങ്ങിയ വയുടെ പ്രദർശനവും വിപണനവും നടക്കും. ജില്ലാ സ്പോർട്സ് കൗൺസിലിൻറെ നേതൃത്വത്തിൽ പ്രത്യേക സ്പോർട്സ് ആക്ടിവിറ്റി ഏരിയയും മേളയിൽ ഒരുക്കുന്നുണ്ട്.
എസ്എസ്എത്സി, പ്ലസ്ടു ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കായി എല്ലാ ദിവസവും രണ്ട് സെഷനുകളിലായി വിവിധ മേഖലകളിലെ കോഴ്സുകൾ, മികച്ച കലാലയങ്ങൾ, തൊഴിൽ സാധ്യതകൾ എന്നിവയെ കുറിച്ച് മേഖലയിലെ വിദഗ്ധർ ഗൈഡൻസ് നൽകും. അസാപ്പ്, പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ വകുപ്പുകൾ, ഡിഡിയുജികെവൈ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് പരിശീലനം. അതോടൊപ്പം അസാപ്പും ലിറ്റിൽ കൈറ്റ്സും സഹകരിച്ച് വിദ്യാർഥികൾക്ക് സൗജന്യ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും മേളയിൽ ഒരുക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്കായിരിക്കും അവസരം. ഉദ്ഘാടന ദിവസമൊഴികെ മേള നടക്കുന്ന ആറ് ദിവസങ്ങളിലും രണ്ട് സെഷനുകളിലായി വിവിധ വിഷയങ്ങളിൽ സെമിനാറുകളും സംഗമങ്ങളും സംഘടിപ്പിക്കും. എംപ്ലോയ്മെൻറ് ഓഫീസിൻറെ കീഴിൽ തൊഴിൽ മേളയും നടക്കും.
എല്ലാ ദിവസവും വൈകുന്നേരം അഞ്ചിനും ഏഴിനും പ്രത്യേക വേദിയിൽ കലാപരിപാടികൾ അരങ്ങേറും. ഷഹബാസ് അമൻ, സിതാര കൃഷ്ണകുമാർ, രചന നാരായണൻകുട്ടി, നികിത രാജ്, കലാക്ഷേത്ര രാഖി സതീഷ്, കേരള കലാമണ്ഡലം, കലാഭവൻ സലിം, വയനാട് നീലാംബരി ട്രൈബ്സ് മ്യൂസിക് ബാൻഡ്, മുംബൈ നൃത്യാംഗൻ, ഉപാസന കളരിപ്പയറ്റ് സൊസൈറ്റി, കൊച്ചിൻ കലാഭവൻ എന്നിവർക്കുപുറമെ വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാരുടെയും അവതരണവും ഇവിടെ നടക്കും.
എല്ലാ ദിവസവും ഉച്ചയ്ക്കു ശേഷം വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ബിസിനസ് ടു ബിസിനസ് മീറ്റുകളും ഡിപിആർ ക്ലിനിക്കുകളും ഉണ്ടാകും. സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ ബിസിനസ് സമൂഹത്തെ പരിചയ പ്പെടുത്താൻ ബി2ബി മീറ്റുകൾ വഴി അവസരം ലഭിക്കും. സംരംഭകത്വ ആശയങ്ങളുമായി വരുന്നവർക്ക് വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധ രുടെ സഹായത്തോടെ സംരംഭം തുടങ്ങുന്നതിന് ആവശ്യമായ വിശദമായ പദ്ധതി രേഖ തയ്യാറാക്കി നൽകാൻ ഡിപിആർ ക്ലിനിക്കുകളിലൂടെ സാധിക്കും.
കുടുംബശ്രീ, മിൽമ, കെടിഡിസി, ജയിൽ വകുപ്പ്, പട്ടികവർഗ വികസന വകുപ്പ് എന്നിവയുടെ നേതൃത്വം വിപുലമായ ഭക്ഷ്യമേള സംഘടിപ്പിക്കും. എല്ലാ ദിവസവും പാചക മത്സരങ്ങൾ ഫുഡ്കോർട്ടിൻറെ ഭാഗമായി നടക്കും. കുടുംബശ്രീ ബ്ലോക്ക് തലത്തിൽ നടത്തിവരുന്ന പാചക മത്സരങ്ങളിലെ വിജയികളാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുക.
മെഗാ പ്രദർശന വിപണന മേളയുടെ കവാടമായി പുത്തൂരിലെ തൃശൂർ ഇൻറർനാഷനൽ സുവോളജിക്കൽ പാർക്കിൻറെ മാതൃകയാണ് ഒരുക്കുന്നത്. വിവിധ മേഖലകളിൽ കേരളം കൈവരിച്ച മുന്നേറ്റങ്ങൾ ചിത്രീകരിക്കുന്ന പിആർഡിയുടെ ‘കേരളം ഒന്നാമത്’ പവലിയൻ, ടൂറിസം പവലിയൻ, സാങ്കേതിക മേഖലകളിൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യവികസന രംഗത്തെ കേരളത്തിൻറെ മുന്നേറ്റം വ്യക്തമാക്കുന്ന കിഫ്ബി പവലിയൻ എന്നിവയുടെ മേളയിലുണ്ടാവും.
മേളയുടെ പ്രചരണാർഥം കെഎസ്എഫ്ഇയുമായി സഹകരിച്ച് സമ്മാന കൂപ്പണുകൾ കുടുംബശ്രീ വഴിയും മറ്റും വീടുകളിൽ എത്തിച്ചിട്ടുണ്ട്. ഓരോ ദിവസവും അഞ്ച് മെഗാ സമ്മാനങ്ങളും അവസാന ദിവസം ബമ്പർ സമ്മാനവും നൽകും. മിക്സി, പെഡസ്ട്രിയൽ ഫാൻ, ഗ്യാസ് സ്റ്റൗ, പ്രഷർ കുക്കർ, ടിവി തുടങ്ങിയവയാണ് സമ്മാനം. 15ന് വൈകിട്ട് നാലു മണിക്ക് സമാപന സമ്മേളനം നടക്കും. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.