മുംബൈ: ഐ.പി.എല്ലിലെ നിർണായക പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിൻ്റെ പടുകൂറ്റൻ സ്കോർ കീഴടക്കാൻ ഗുജറാത്ത് ടൈറ്റൻസിനായില്ല. 27 റൺസിൻ്റെ പരാജയമാണ് ഹാർദിക്കിനും കൂട്ടർക്കും ഏറ്റുവാങ്ങേണ്ടി വന്നത്. മുംബൈ ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം പിന്നിത്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഐ.പി.എല്ലിൽ കന്നി സെഞ്ചുറി നേടി പുറത്താകാതെ നിന്ന സൂര്യകുമാർ യാദവാണ് (49 പന്തിൽ 103) മുംബൈക്ക് നെടുംതൂണായത്. വിജയത്തോടെ മുംബൈ രാജസ്ഥാനെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി.
ഗുജറാത്തിനായി റാഷിദ് ഖാനും(32 പന്തിൽ 79) ഡേവിഡ് മില്ലറും(26 പന്തിൽ 41) പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. പത്ത് സിക്സും 3 ഫോറുമാണ് റാഷിദ് അടിച്ചുകൂട്ടിയത്. നാലോവറിൽ 30 റൺസ് വഴങ്ങി റാഷിദ് ഖാൻ നാല് വിക്കറ്റുകളും റാഷിദ് നേടി.
മറുപടി ബാറ്റിങ്ങിൽ ആദ്യത്തെ 4 ഓവറിനുള്ളിൽ 3 വിക്കറ്റുകൾ ഗുജറാത്തിന് നഷ്ടമായി. വൃദ്ധിമാൻ സാഹയെയും(2) ഹാർദിക്കിനെയും(4) ഗില്ലിനെയുമാണ്(6) മുംബൈ ആദ്യം തന്നെ വീഴ്ത്തിയത്. പിന്നീട് എത്തിയ വിജയ് ശങ്കറിനെ(29) പിയുഷ് ചൗള ബൗൾഡാക്കുകയായിരുന്നു. അഭിനവ് മനോഹർ(2).
രാഹുൽ തെവാത്തിയ(14) നൂർ അഹമ്മദ്(1) എന്നിവർക്ക് കാര്യമായൊന്നും ചെയ്യാനായില്ല. മുംബൈക്കായി ആകാശ് മദ്വാൽ സുപ്രധാനമായ മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങിയപ്പോൾ ചൗള, കാർത്തികേയ എന്നിവർ 2 വിക്കറ്റു വീതവും വീഴ്ത്തി.
വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്നു പറയുന്നതുപോലെയാണ് മുംബൈ ബാറ്റർമാരുടെ കാര്യം. മുൻനിര ബാറ്റർമാരെല്ലാം തിളങ്ങി ബാംഗളൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ നിർത്തിയിടത്തുനിന്നു തുടങ്ങിയ സൂര്യകുമാർ യാദവിൻറെ നേതൃത്വത്തിൽ അടിച്ചു തകർത്ത മുംബൈ ഇന്ത്യൻസ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. കേവലം 49 പന്തിൽ 11 ബൗണ്ടറിയും 6 സിക്സുമടക്കം 103 റൺസുമായി സൂര്യകുമാർ പുറത്താകാതെ നിന്നു.
ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമയും ഇഷാൻ കിഷനും ചേർന്ന് 6.1 ഓവറിൽ 61 റൺസ് കൂട്ടിച്ചേർത്തു. രോഹിത് ശർമ മൂന്നു ബൗണ്ടറിയുടെയും രണ്ട് സിക്സിൻറെയും അകമ്പടിയിൽ 18 ന്തിൽ 29 റൺസും ഇഷാൻ 20 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സുമടക്കം 31 റൺസെടുത്തു. മലയാളി താരം വിഷ്ണു വിനോദിനു ലഭിച്ച അവസരം അദ്ദേഹവും മുതലാക്കി. 20 പന്തിൽ രണ്ടു ബൗണ്ടറിയും രണ്ടു സിക്സുമടക്കം 30 റൺസാണ് വിഷ്ണു അടിച്ചുകൂട്ടിയത്. നെഹാൽ വധേര ഏഴു പന്തിൽ 15 റൺസെടുത്തു. ഗുജറാത്തിനു വേണ്ടി റഷീദ് ഖാൻ നാലോവറിൽ 30 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു.