കൊച്ചി: കാലഘട്ടം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ കലയെ ആയുധമാക്കണമെന്ന് മന്ത്രി പി രാജീവ് കലാകാരന്മാരോട് ആഹ്വാനം ചെയ്‌തു. കേരള ലളിതകലാ അക്കാദമി പുരസ്‌കാരങ്ങൾ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന ദൃശ്യകലാ പ്രദർശനവും മന്ത്രി ഉദ്‌ഘാടനം ചെയ്തു. റ്റി.ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ആർട്ടിസ്റ്റ് നമ്പൂതിരിക്കുള്ള ആദരം മകൻ ദേവൻ നമ്പൂതിരിപ്പാട് മന്ത്രി പി രാജീവിൽനിന്ന് സ്വീകരിച്ചു. 2022––23ലെ ഫെലോഷിപ്പുകൾ പ്രഭാവതി മേപ്പയിൽ, ഷിബു നടേശൻ എന്നിവർക്ക് മന്ത്രി സമ്മാനിച്ചു. വി ശങ്കരമേനോൻ എൻഡോവ്മെന്റ് സ്വർണമെഡൽ സാറ ഹുസൈനും വിജയരാഘവൻ എൻഡോവ്മെന്റ് സ്വർണമെഡൽ കെ എൻ വിനോദ്കുമാറിനും രാജൻ എം കൃഷ്ണൻ എൻഡോവ്മെന്റ് അവാർഡ് ടി സി വിവേകിനും സമ്മാനിച്ചു.
ചിത്രം, ശിൽപ്പം, ന്യൂ മീഡിയ ആൻഡ് ഡ്രോയിങ് വിഭാഗങ്ങളിൽ അമീൻ ഖലീൽ, കെ.എസ് പ്രകാശൻ, കെ.ആർ ഷാൻ, ശ്രീജ പള്ളം, കെ.എസ് ശ്രീനാഥ് എന്നിവർക്കും അനു ജോൺ ഡേവിഡ്(ഫോട്ടോഗ്രഫി), കെ ഉണ്ണിക്കൃഷ്ണൻ(കാർട്ടൂൺ) എന്നിവർക്കും വിതരണം ചെയ്തു. എസ് അമ്മു, ഹെൽന മെറിൻ ജോസഫ്, മിബിൻ, മുഹമ്മദ് യാസിർ, വി.ജെ റോബർട്ട്, ഡി മനോജ്(ഫോട്ടോഗ്രഫി), കെ.ബി മധുസൂദനൻ(കാർട്ടൂൺ), കെ.എം ശിവ(കാർട്ടൂൺ) എന്നിവർക്ക് ഓണറബിൾ മെൻഷൻ പുരസ്‌കാരം സമ്മാനിച്ചു.
ലോകത്തെല്ലായിടത്തും അതിജീവനം സംഭവിച്ചപ്പോൾ അതിലെല്ലാം കല പ്രധാനപ്പെട്ട ദൗത്യം നിർവഹിച്ചിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഇന്നത്തെ കാലത്തിന്റെ സങ്കീർണതകളെയും സംഘർഷങ്ങളെയും ആകുലതകളെയും പ്രതിഷേധങ്ങളെയും അതിജീവിതത്തിന്റെ സൂചനകളെയും കലാരൂപങ്ങളിലേക്ക് സന്നിവേശിപ്പിക്കാൻ കലാകാരന്മാർക്ക് ഇന്ന് കഴിയുന്നുണ്ടോയെന്നത് പ്രസക്തമായ ചോദ്യമാണ്. പുതിയ ചെങ്കോലുകൾ നമ്മളെ അടിച്ചമർത്താനുള്ള രാജാധിപത്യത്തിന്റെയും ബ്രാഹ്‌മണ മേധാവിത്വത്തിന്റെയും അടയാളങ്ങളായി മാറുന്നുവെന്നു. ഏതോ എഴുതപ്പെടാത്ത ചരിത്രത്തിൽനിന്ന് ആരോ ഗവേഷണം നടത്തി ഇത്തരം കണ്ടെത്തലുകൾ പുറത്തേക്ക് കൊണ്ടുവരുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള അടയാളങ്ങൾ ഉണ്ടോയെന്നതും പരിശോധിക്കണം. പഴയ പാർലമെന്റ് ജനാധിപത്യത്തിന്റേതായിരുന്നു. എന്നാൽ, പുതിയ പാർലമെന്റ് എക്‌സിക്യൂട്ടീവിന്റെ അനുബന്ധമായി മാറി. ഇങ്ങനെ മാറുമെന്നത് ഉദ്‌ഘാടകന്റെ തെരഞ്ഞെടുപ്പിലൂടെ നമുക്കുമുന്നിൽ അവതരിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരിപാടിയിൽ അഭിജിത് ഉദയൻ, അഞ്ചലോ ലോയ്, പി.എസ് ഹെലൻ, കാവ്യ എസ് നാഥ്, ഇ.വി.എസ് കിരൺ എന്നിവർക്ക് കലാവിദ്യാർഥികൾക്കുള്ള പ്രത്യേക പുരസ്‌കാരവും നൽകി. പി.എ അബ്ദുള്ള, അനിൽകുമാർ ദയാനന്ദ്, പ്രവീൺ പ്രസന്നൻ, സുധീഷ് കോട്ടേമ്പ്രം എന്നിവർക്ക് സ്പെഷ്യൽ ജൂറി അവാർഡും നൽകി. മേയർ എം അനിൽകുമാർ, എഴുത്തുകാരൻ റ്റി.ഡി രാമകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി.
ചടങ്ങിൽ ഹൈബി ഈഡൻ എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കേരള ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത്, സെക്രട്ടി എൻ ബാലമുരളീകൃഷ്ണൻ, കെ ജനാർദൻ എന്നിവർ പങ്കെടുത്തു. ആർ.എൽ.വി വിജയകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന പഞ്ചാരിമേളവും ശങ്ക ട്രൈബ് അവതരിപ്പിച്ച സംഗീതവും പരിപാടിക്ക് നിറംപകർന്നു.