കൊച്ചി: അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ട്വന്‍റി ട്വന്‍റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഹർജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി തുറന്നടിച്ചു.
ആന നിലവിൽ തമിഴ്നാട് ഭാഗത്താണുളളത്. ഉൾവനത്തിലേക്ക് ആനയെ ഓടിക്കണമെന്നാണ് തമിഴ്നാടിന്‍റെ ആവശ്യം. തമിഴ്നാട് വനം വകുപ്പ് ആനയെ എന്തെങ്കിലും തരത്തിൽ ഉപദ്രവിച്ചതായി തെളിവില്ല. ആനയെ സംരക്ഷിക്കാമെന്നും അവർ അറിയിച്ചിട്ടുണ്ട്. ആ സ്ഥിതിക്ക് പിന്നെ എന്തിനാണ് ആനയെ തിരികെ കൊണ്ട് വരണമെന്ന് നിങ്ങൾ പറയുന്നതെന്നും കോടതി ചോദിച്ചു.
സംസ്ഥാന സർക്കാർ കടബാധ്യതയാണ്. അരിക്കൊമ്പൻ ദൗത്യത്തിനായി ചെലവഴിച്ചത് 80 ലക്ഷം രൂപയാണ്. സാബു ഒരു ബിസിനസുകാരല്ലെ, ലാഭത്തിൽ പോവുന്ന ബിസിനസും. തമിഴ്നാട് ആനയെ മാറ്റാൻ തയ്യാറാണ്. എല്ലാ ചിലവും സാബു വഹിക്കുമോയെന്ന് ആരാഞ്ഞ കോടതി സാബുവിന് മുഴുവൻ ചിലവും വഹിക്കാമല്ലോ, രാഷ്ട്രീയ പാർട്ടി നേതാവ് കൂടിയല്ലേയെന്നും പരിഹസിച്ചു.
പൊതുതാൽപര്യ ഹർജി എന്നാൽ പൊതു താൽതൽപര്യമുണ്ടാവണം. ഈ ഹർജിയിൽ അതുണ്ടോ, ജീവിതത്തിൽ എന്നെങ്കിലും ഉൾക്കാട്ടിൽ പോയ അനുഭവം ഉണ്ടോയെന്നും സാബു എം ജേക്കബിനോട് കോടതി ചോദിച്ചു.
താങ്കളൊരു രാഷ്ട്രീയ പാർട്ടി നേതാവല്ലെ ആ ഉത്തരവാദിത്വത്തോടെ പെരുമാറണം. അരിക്കൊമ്പനെ കാടുകയറ്റാമെന്ന ഉത്തരവാദിത്തം തമിഴ്നാട് സർക്കാർ ഏറ്റെടുക്കുകയാണ് ചെയ്തത്.
കേരളത്തിൽ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയുടെ നേതാവിന് തമിഴ് നാട്ടിലെ വിഷയത്തിൽ എന്ത് കാര്യമെന്നും കോടതി ചോദിച്ചു. തമിഴ്നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ പരാതി ഉണ്ടെങ്കിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കണമെന്നും നിർദ്ദേശിച്ചു.