കൊച്ചി: അരിക്കൊമ്പനെ വീണ്ടും പിടിച്ചത് വേദനാജനകമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. പരിസ്ഥിതി ദിനത്തിൽ കളമശേരി സെൻറ് പോൾസ് കോളെജിൽ വരാപ്പുഴ അതിരൂപതാ തലത്തിൽ ആരംഭിക്കുന്ന പരിസ്ഥിതി ക്ലബ്ലിൻറെ ഉദ്ഘാടന യോഗത്തിലാണ് അദ്ദേഹം തൻറെ നിലപാട് വ്യക്തമാക്കിയത്.
നമ്മൾ അരിക്കൊമ്പനെ പിടിക്കുന്നു, അവനിഷ്ടമുള്ള ഇടത്തിനു പകരം നമുക്ക് ഇഷ്ടമുള്ളയിടത്ത് കൊണ്ടാക്കുന്നു. മനുഷ്യൻ മനുഷ്യനെ കേന്ദ്രീകരിച്ചു മാത്രമാണ് ചിന്തിക്കുന്നതെന്നും എല്ലാ നിയമങ്ങളും മനുഷ്യനു വേണ്ടി മാത്രമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭൂഗോളം കറങ്ങുന്നത് മനുഷ്യനു വേണ്ടിയാണെന്ന ചിന്തയോടെയാണ് എല്ലാ നിയമങ്ങളും ഉണ്ടാക്കിയിരിക്കുന്നത്. ഈ ഫിലോസഭിയിൽ മാറ്റം വരുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നലെ രാത്രി വീണ്ടും ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ രാത്രി 12.30 ഓടെ തമിഴ്നാട് വനം വകുപ്പ് മയക്കുവെടിവയ്ക്കുകയായിരുന്നു. ആന ജനവാസ മേഖലയിൽ ഇറങ്ങിയതോടെയാണ് തമിഴ്നാട് വനം വകുപ്പ് മയക്കുവെടി വയ്ക്കാൻ തീരുമാനിച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ച് അരിക്കൊമ്പനെ 2 തവണ മയക്കുവെടിവച്ചതായാണ് സൂചന.
പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മയങ്ങിത്തുടങ്ങിയ ആനയുടെ കാലുകൾ കെട്ടി കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിലേക്ക് കയറ്റുകയായിരുന്നു. എന്നാൽ എങ്ങോട്ടാണ് ആനയെ കൊണ്ടുപോവുന്നതെന്ന കാര്യം വനം വകുപ്പ് വ്യക്തമാക്കിയിട്ടില്ല. തിരുന്നൽ വേലിയിലേക്കാണ് കൊണ്ടു പോവുന്നതെന്ന തരത്തിലുള്ള സൂചനകൾ ലഭിക്കുന്നുണ്ട്.