തിരുവനന്തപുരം: കെ.സുധാകരനെതിരേ കേസെടുത്ത നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിപക്ഷനേതാക്കളെ പിണറായി വിജയൻ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
അഴിമതിയിൽ മുങ്ങി നിൽക്കുന്ന സംസ്ഥാന സർക്കാരിന് മുഖം രക്ഷിക്കാനുള്ള പൊറാട്ട് നാടകത്തിൻറെ ഭാഗമാണ് കെ. സുധാകരനെതിരായ നടപടി, ഇതൊന്നും കൊണ്ട് പ്രതിപക്ഷത്തിൻറെ വായടപ്പിക്കാനാവില്ല. സർക്കാരിനെതിരെ മിണ്ടിയാൽ കേസിൽ കുടുക്കുന്ന മോദിയുടെ ഫാസിസ്റ്റ് നയം തന്നെയാണ് പിണറായിയുടേതെന്നും അദ്ദേഹം തുറന്നടിച്ചു.
ഗോവിന്ദൻറെ രണ്ടു ദിവസമായുള്ള പ്രതികരണം കണ്ടാൽ അദ്ദേഹമാണ് ആഭ്യന്തര മന്ത്രിയെന്ന് തോന്നും. പാർട്ടി സെക്രട്ടറിയുടെ വാക്ക് കേട്ട് പ്രവർത്തിക്കുകയല്ല പൊലീസിൻറെ പണി. പൊലീസ് അവരുടെ ജോലി മാന്യമായി ചെയ്തില്ലെങ്കിൽ നാളെ മറുപടി പറയേണ്ടി വരുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
തുടർ ഭരണം ലഭിച്ചതിൻറെ അഹങ്കാരമാണ് സംസ്ഥാന സർക്കാരിന്, ഹുങ്കിനുള്ള മറുപടി ജനങ്ങൾ നൽകുന്ന കാലം വിദൂരമല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.