കട്ടപ്പന: വാറ്റുമടയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ വാറ്റുചാരായവും കോടയും കള്ളത്തോക്കുമായി യുവാവ് പിടിയിൽ. വാഴവര മന്നാക്കുടി അംഗൻവാടിക്ക് സമീപം താമസിക്കുന്ന കാഞ്ചിയാർ കക്കാട്ട്കട സ്വദേശി കൊച്ചുചെന്നാട്ട് എബ്രഹാം തോമസിന്റെ മകൻ ബിബിൻസാണ്(40) വീട്ടിൽ സൂക്ഷിച്ചിരുന്ന 50 ലിറ്റർ കോടയും രണ്ടു ലിറ്റർ വാറ്റ് ചാരായവും രണ്ട് കള്ള തോക്കുമായി പിടിയിലായത്.
കാഞ്ചിയാർ സുമതിക്കട ഭാഗത്തു നിന്നും എട്ടു വർഷം മുമ്പായിരുന്നു ഇയാൾ വാഴവര മന്നാക്കുടി ഭാഗത്ത് സ്ഥലം വാങ്ങി താമസം തുടങ്ങിയത്. കൃഷിയായിരുന്നു ജോലി. മൂന്നു വർഷം മുമ്പ് കുടുംബത്തെയും ഇവിടേക്ക് കൊണ്ടുവന്നു. ഇയാളുടെ വീടിന് സമീപം അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിൽ സ്ഥിരമായി ചാരായം വാറ്റ് നടക്കുന്നതായും മുമ്പ് താമസിച്ചിരുന്ന കക്കാട്ടുകട ഭാഗങ്ങളിൽ വാറ്റിയ ചാരായം വിൽപ്പന നടത്തുന്നതായും കൂടാതെ കള്ളത്തോക്ക് ഉപയോഗിച്ച് മൃഗവേട്ട നടത്തുന്നതായും ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു.കുര്യാക്കോസ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.
റെയിഡ് നടത്തുന്ന സമയം ഇയാൾ കെട്ടിടത്തിനുള്ളിലെ മുറിയിൽ ചാരായം വാറ്റിക്കൊണ്ടിരിക്കുക ആയിരുന്നു. തുടർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ലൈസൻസ് ഇല്ലാത്ത നാടൻ തോക്കുകൾ കണ്ടെത്തിയത്. ചാരായവും മറ്റും അടുപ്പം ഉള്ള ആളുകൾക്കാണ് ഇയാൾ വിൽപ്പന നടത്തി കൊണ്ടിരുന്നത്. പ്രതി കുറ്റം സമ്മതിച്ചു.
കട്ടപ്പന ഡി.വൈ.എസ്.പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിൽ കട്ടപ്പന എസ്.ഐമരായ ലിജോ പി മണി, താജുദ്ദീൻ അഹമ്മദ് എസ്.സി.പി.ഒ, ഷിബു.പി.എസ്, അരുൺ.സി.പി, കട്ടപ്പന ഡി.വൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘ അംഗങ്ങളായ എസ്.ഐ.സജിമോൻ ജോസഫ്, എസി.സി.പി.ഒമാരായ ജോർജ് മാത്യു, സിനോജ് ജോസഫ്, ജോബിൻജോസ്, സിനോജ്.പി.ജെ, സി.പി.ഒമാരായ സുബിൻ.പി.എസ്, ശ്രീകുമാർ ശശിധരൻ, വി.കെ.അനീഷ് എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.