ഇടുക്കി: വന്യജീവികൾ ജനവാസ മേഖലയിൽ കടന്ന് വ്യാപകമായ കൃഷിനാശവും മനുഷ്യ ജീവന് ഭീഷണിയും നിരവധി വീടുകൾ അക്രമിക്കപ്പെടുകയും വിവിധ സ്ഥലങ്ങളിലായി മുപ്പതോളം പേർ കാട്ടാന ആക്രമത്തിൽ കൊല്ലപ്പെടുകയും ചെയ്തിട്ടും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കണ്ണ് തുറക്കുന്നില്ലെന്ന് കർഷക കോൺഗ്രസ് ആരോപിച്ചു.
ഇതിനെതിരെയാണ് സംഘടന കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. ഇടുക്കി ഡി.സി.സി ഓഫീസിൽ ചേർന്ന ജില്ലാ കൺവൻഷനിലാണ് ഇക്കാര്യം തീരുമാനിച്ചത്. സംസ്ഥാന പ്രസിഡന്റ് കെ.സി വിജയൻ ഉദ്ഘാടനം ചെയ്തു.
വന്യമൃഗങ്ങൾ ജനവാസ കേന്ദ്രത്തിൽ കടക്കാതിരിക്കാൻ ഒരു മുന്നൊരുക്ക നടപടിയും സ്വീകരിക്കാത്ത സർക്കാർ നയത്തിനെതിരെ വനം വന്യജീവി വകുപ്പിനെതിരെ 1972ലെ വനം വന്യജീവി സംരഷണനിയമത്തിൽ കാലോചിതമായ മാറ്റം വേണം, കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ കൊല്ലാൻ നടപടി വേണം, വനവും വന്യജീവികളെയും സംരക്ഷിക്കേണ്ട വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിഴ്ച കൊണ്ടാണ് മൃഗങ്ങൾ കാടിറങ്ങുന്നത്, മനുഷ്യൻ അനതികൃതമായി വനത്തിൽ കയറിയാൽ എടുക്കുന്ന നിയമം വന്യമൃഗം നാട്ടിലിറങ്ങിയാൽ വനം ഉദ്യോഗസ്ഥർക്കെതിരെ എടുക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് കർഷക കോൺഗ്രസ് ജില്ലാ കമ്മറ്റി നിയമ നടപടിയ്ക്കായി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് പറഞ്ഞു. സംസ്ഥാന നേതാക്കളായ റ്റോമി പാലയ്ക്കൽ, ജോസ് മുത്തനാട്ട്, ബി ശശിധരൻ നായർ എന്നിവർ സംസാരിച്ചു.