കൊച്ചി: മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പു കേസിൽ മുൻ ഡി.ഐ.ജി എസ്.സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നടത്തിയ ഇടപെടലുകളിലും സാമ്പത്തിക നേട്ടത്തിലും അന്വേഷണം നടക്കും.
സുരേന്ദ്രന്‍റെ വീട്ടിൽ വച്ച് മോൻസൻ 25 ലക്ഷം കൈമാറിയെന്ന മൊഴിയിലടക്കം വ്യക്തത തേടിയാണ് ചോദ്യം ചെയ്യൽ. കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ, ഐജി ജി.ലക്ഷ്മണ, മുൻ ഡി.ഐ.ജി സുരേന്ദ്രൻ എന്നിവരെയാണ് ക്രൈംബ്രാഞ്ച് പ്രതിചേർത്തിരിക്കുന്നത്.
വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാൻ ഡൽഹിയിലെ തടസങ്ങൾ നീക്കാൻ കെ.സുധാകരൻ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോൻസണ്‍ വഞ്ചിച്ചുവെന്നും കെ.സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.