Timely news thodupuzha

logo

നൈജറിൽ ഇടക്കാല സർക്കാർ തലവനായി സ്വയം പ്രഖ്യാപിച്ച്‌ പ്രസിഡൻഷ്യൻ ഗാർഡ്‌ മേധാവി

നിയാമേ: നൈജറിൽ പട്ടാള അട്ടിമറി നടന്ന്‌ രണ്ടുദിവസത്തിനുശേഷം ഇടക്കാല സർക്കാർ തലവനായി സ്വയം പ്രഖ്യാപിച്ച്‌ പ്രസിഡൻഷ്യൻ ഗാർഡ്‌ മേധാവി അബ്ദുറഹ്‌മാനെ ഷിയാനി. വെള്ളിയാഴ്ച ഔദ്യോഗിക ടെലിവിഷനിലൂടെയായിരുന്നു പ്രഖ്യാപനം.

അട്ടിമറിക്ക്‌ നേതൃത്വം നൽകിയ നാഷണൽ കൗൺസിൽ ഫോർ ദ സേഫ്‌ഗാർഡിങ്‌ ഓഫ്‌ ദി ഹോംലാൻഡിന്റെ പ്രസിഡന്റാണ്‌ താനെന്നും പ്രഖ്യാപിച്ചു. രാജ്യത്തെ ജനാധിപത്യം അനിവാര്യമായ മരണത്തിലേക്ക്‌ നടന്നടുക്കുകയായിരുന്നെന്നും ഇത്‌ തടയുകയാണ്‌ അട്ടിമറിയുടെ ലക്ഷ്യമെന്നും അറുപത്തിരണ്ടുകാരനായ ജനറൽ പ്രഖ്യാപിച്ചു.

പ്രസിഡന്റായിരുന്ന മുഹമ്മദ്‌ ബസൂമിനുകീഴിൽ കെടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞ ഭരണമാണ്‌ നടന്നതെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യ ഭരണത്തിലേക്ക്‌ എന്ന്‌ മടങ്ങുമെന്ന പരാമർശം ഉണ്ടായില്ല.ടെലിവിഷനിലൂടെ സംസാരിക്കവെ, ബസൂം യുഗത്തിന്‌ അറുതി വരുത്തിയതായി അട്ടിമറി സംഘത്തിന്റെ വക്താവ്‌ അമദു അബ്‌ദ്രമാനെയും പറഞ്ഞു.

ബുധൻ രാത്രി വൈകിട്ടാണ്‌ ഒരു വിഭാഗം സൈനികർ ബസൂമിനെ പുറത്താക്കിയതായും ഭരണഘടന റദ്ദാക്കിയതായും പ്രഖ്യാപിച്ചത്‌. അദ്ദേഹം നിലവിൽ എവിടെയാണെന്നതില്‍ വ്യക്തതയില്ല.

ഇതിനിടെ അട്ടിമറി സംഘം ഭരണകക്ഷിയുടെ ഓഫീസ് കത്തിച്ചുവെന്നും റിപ്പോർട്ടുകൾ ഉയരുന്നുണ്ട്. മുൻ പ്രസിഡന്റ്‌ മുഹമ്മദ്‌ ഇസോഫുവിനെ ശക്തമായി അനുകൂലിക്കുന്നയാളാണ്‌ ഷിയാനി.

2021ൽ ബസൂം അധികാരമേൽക്കുന്നതിന്‌ ദിവസങ്ങൾ മുമ്പ്‌ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ അട്ടിമറി ശ്രമം നടത്തിയിരുന്നു. ഫ്രഞ്ച്‌ കോളനി ഭരണം അവസാനിപ്പിച്ച്‌ 1960ൽ സ്വാതന്ത്ര്യം നേടിയശേഷം രാജ്യത്ത്‌ നടക്കുന്ന അഞ്ചാമത്തെ അട്ടിമറിയാണിത്‌.

Leave a Comment

Your email address will not be published. Required fields are marked *