തൊടുപുഴ: ഓഗസ്റ്റ് 2 ന് സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ലോട്ടറി ബന്ദ് വിജയിപ്പി ക്കുന്നതിന് ഈ മേഖലയില്‍ പണിയെടുക്കുന്ന എല്ലാ തൊഴിലാളികളും, വില്പനക്കാരും തയ്യാറാവണമെന്ന് ആള്‍ കേരള ലോട്ടറി ഏജന്‍റ്സ് & സെല്ലേഴ്സ് കോണ്‍ഗ്രസ് ഐ.എന്‍.റ്റി.യു.സി ഇടുക്കി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കേരളഭാഗ്യക്കുറിയും ഈ മേഖലയിലെ തൊഴിലാളികളും സമാനതകളില്ലാത്ത പ്രതിസന്ധിയെ നേരിടുകയാണ്. സമ്മാനതുക വര്‍ദ്ധിപ്പിക്കുക, ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റ് വില 40/- രൂപയാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ഓണത്തിന് 10000/- രൂപ ബോണസ് നല്‍കുക എന്നീ ആവശ്യങ്ങല്‍ ഉന്നയിച്ചാണ് ബന്ദ് നടത്തുന്നത്. മുന്‍കൂര്‍ പണമടച്ച് വാങ്ങുന്ന ടിക്കറ്റുകള്‍ വിറ്റഴിക്കാതെ തൊഴിലാളികള്‍ കടക്കെണിയിലായി തൊഴില്‍രംഗം വിടേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഈ മേഖലയില്‍ ഉള്ളത്. സമ്മാനങ്ങള്‍ കുറവാണെന്നുള്ള പൊതുജനാഭിപ്രായവും ടിക്കറ്റ് ചോദിച്ചുവാങ്ങിയിരുന്ന കാരുണ്യ ലോട്ടറി, കാരുണ്യ ബെനവലന്‍റ് പദ്ധതി പിന്‍വലിച്ചതിലൂടേയും ടിക്കറ്റ് വില്‍പ്പന കുറഞ്ഞു. ഈ സാഹചര്യത്തിലാണ് 2023 ആഗസ്റ്റ് 2 ന് ടിക്കറ്റ് വില്‍പ്പന ബഹിഷ്കരിച്ച് ലോട്ടറി ബന്ദ് നടത്തുന്നത്. ഈ ബന്ദ് വിജയിപ്പിക്കണമെന്ന് തൊടുപുഴ ഐ എന്‍ റ്റി യു സി ഓഫീസില്‍ കൂടിയ ആള്‍ കേരള ലോട്ടറി ഏജന്‍റ്സ് & സെല്ലേഴ്സ് കോണ്‍ഗ്രസ് ഐ എന്‍ റ്റി യു സി ഇടുക്കി ജില്ലാ കമ്മറ്റി ആവശ്യപ്പട്ടു. ജില്ലാ പ്രസിഡന്‍റ് അനില്‍ ആനയ്ക്കനാട്ട് അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി പി വി പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ എന്‍ ദിവാകരന്‍, സംസ്ഥാനകമ്മറ്റി അംഗങ്ങള്‍ ഡി ബാലകൃഷ്ണന്‍, അനുഷല്‍ ആന്‍റണി, കെ എസ് ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.