പന്തളം: സ്ഥിരം സമിതി അധ്യക്ഷൻ അടക്കം ബി.ജെ.പി കൗൺസിലർമാർ ബഹിഷ്ക്കരിച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്റെ പന്തളത്തെ പരിപാടികൾ പൊളിഞ്ഞു. വെൽനെസ് സെന്ററുകളുടെ രണ്ട് പരിപാടിയും പൊതുയോഗവുമാണ് ജനപങ്കാളിത്തമില്ലാതെയും നേതാക്കൾ എത്താതെയും നാണം കെട്ട് പൊളിഞ്ഞത്. മുടിയൂർക്കോണത്തെ ഉദ്ഘാടന യോഗത്തിൽ കസേരകൾ പലതും ഒഴിഞ്ഞ് കിടന്നു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.ഒ.സൂരജ് അടക്കമുള്ളവരും പന്തളത്തെ ചേരിപ്പോരിൽ മനം മടുത്ത് എത്തിയില്ല. കുരമ്പാല ഇടയാടിയിലെ വെൽനെസ് സെന്ററിന് നാട മുറിക്കലിന് കേന്ദ്രമന്ത്രി വി.മുരളീധരൻ എത്തിയിട്ടും ബി.ജെ.പി പ്രവർത്തകരുടെ ആൾക്കൂട്ടം ഉണ്ടായില്ല. വി.മുരളീധരൻ മുടിയൂർക്കോണത്തെ വെൽനെസ് സെന്റർ നാടമുറിച്ച് സമീപത്തെ അറത്തിൽ പള്ളിമുറ്റത്ത് പൊതു യോഗം ഉദ്ഘാടനം ചെയ്യാനായിരുന്നു പന്തളം നഗരസഭാ കൗൺസിൽ തീരുമാനിച്ചത്.
എന്നാൽ ഭരണ സമിതിയിലെ എതിർചേരി വാശി പിടിച്ചപ്പോൾ കുരമ്പാല ഇടയാടിയിലെ വെൽനെസ് സെന്ററിന്റെ നാടമുറിക്കലും പിന്നീട് തീരുമാനിച്ചു. അവർ വേറെ നോട്ടീസും അടിച്ചിറക്കി.
എന്നാൽ കുരമ്പാലയിലെ നാടമുറിക്കൽ പരിപാടിയിൽ നിന്ന് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബെന്നി മാത്യു വിട്ടു നിന്നു. മുടിയൂർക്കോണത്ത് പരിപാടി നടക്കുമ്പോൾ സമീപ വാർഡിലെ ബി.ജെ.പി മെമ്പറും ബി.ജെ.പി നഗരസഭാ പാർലമെന്ററി പാർടി മുൻ ലീഡറുമായ കെ.വി.പ്രഭയും വിട്ടുനിന്നത് നാണക്കേടായി.
ബി.ജെ.പി പ്രതിനിധിയും വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനുമായ അച്ചൻകുഞ്ഞ് ജോണും മുടിയൂർക്കോണത്തെ ഉദ്ഘാടന യോഗത്തിന് എത്തിയില്ല. പരിപാടിയിൽ നിന്ന് പ്രാദേശിക ബിജെപി നേതൃത്വത്തിലെ നല്ലൊരു വിഭാഗം വിട്ടുനിന്നു. മുടിയൂർക്കോണത്തെ സമ്മേളന വേദി ഉൾപ്പെടുന്ന വാർഡ് അടക്കം പ്രദേശത്തെ അഞ്ച് വാർഡുകളിലും ബി.ജെ.പി പ്രതിനിധികൾ ഉള്ളപ്പോഴാണ് സമ്മേളസദസ്സിൽ കസേര ഒഴിഞ്ഞ് കിടന്നത്.
ഭരണത്തിലിരിക്കുന്ന നഗരസഭയിൽ വി മുരളീധരന്റ മുമ്പിൽ നൂറ് പേരെ തികച്ച് കാണിക്കാനാവാഞ്ഞതിനാൽ സംസ്ഥാന സർക്കാരിനെതിരെ നിശിത വിമർശനം ഉയർത്തുന്ന കേന്ദ്ര മന്ത്രിക്ക് മുടിയൂർക്കോണത്തു നിന്ന് തല വലിച്ച് പോകേണ്ടി വന്നു.