ഇംഫാൽ: മണിപ്പൂരിലുണ്ടായ വെടിവെയ്പിൽ പന്ത്രണ്ടുകാരിക്ക് പരിക്കേറ്റു. ക്വാക്ത സ്വദേശിയായ സലിമയെന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്. സ്കൂളിലേക്കു പോകും വഴി ശരീരത്തിനു പുറകിൽ വെടിയേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റേഡിയന്‍റ് പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് സലിമ. അതേസമയം, മണിപ്പൂരിൽ സമാധാനത്തിനായി നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികൾ ഇന്ന് സുപ്രീംകേടതി പരിഗണിക്കും.
മണിപ്പൂരിൽ രണ്ട് സ്രതീകളെ നഗ്നരാക്കി ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ സ്വമേധയാ എടുത്ത ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
കേസിൽ സ്വീകരിച്ച നടപടികൾ മണിപ്പൂർ സർക്കാർ സുപ്രീംകോടതിയെ അറിയിക്കും. കേസ് സി.ബി.ഐക്ക് കൈമാറിയെന്നും മണിപ്പൂരിന് പുറത്ത് വിചാരണ നടത്താനുള്ള ശുപാർശയും കോടതിയെ അറിയിക്കാനാണ് തീരുമാനം.