തളിപ്പറമ്പ്: ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അതിവേഗത്തിലാണ് പൊലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചതും പ്രതിയെ പിടികൂടിയതുമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
പൊലീസും ആഭ്യന്തര വകുപ്പും നടത്തിയ പ്രവർത്തനം ശ്‌ളാഘനീയമാണ്. പരാതി കിട്ടി മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടാനായി.
ഏത് വിഷയത്തെയും എങ്ങനെ സർക്കാർ വിരുദ്ധമാക്കാൻ കഴിയുക എന്നാണ് പ്രതിപക്ഷം നോക്കുന്നത്. ഓരോ ദിവസവും സർക്കാരിനെതിരായ പരാമർശങ്ങളില്ലെങ്കിൽ ഉറക്കം വരില്ലെന്ന നിലയിൽ മാധ്യമങ്ങളും പ്രതിപക്ഷവും ഓരോന്ന് സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ്.
സ്‌പീക്കർ എ.എൻ.ഷംസീറിന്റെ പ്രതികരണത്തിൽ ഒരു കുഴപ്പവുമില്ല. മിത്തുകളെ മിത്തുകളായും ചരിത്രത്തെ ചരിത്രമായും ശാസ്‌ത്രത്തെ ശാസ്‌ത്രമായും കണ്ട് തന്നെ മുന്നോട്ട് പോകണമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടിരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.