Timely news thodupuzha

logo

നഗ്നതാ പരേഡ്; എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയത് എന്തുകൊണ്ടാണെന്ന് സർക്കാരിനോട് സുപ്രീംകോടതി

ന്യൂഡൽഹി: മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസിൽ സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ച് സുപ്രീംകോടതി.

സംഭവം കഴിഞ്ഞിട്ടുള്ള പതിനാല് ദിവസം പൊലീസ് എന്തുചെയ്യുകയായിരുന്നു? എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയത് എന്തുകൊണ്ടാണെന്നും എഫ്ഐ ആർ രജിസ്റ്റർ ചെയ്യാൻ 14 ദിവസം എടുത്തത് എന്തുകൊണ്ടെന്നും എഫ്ഐആറിൻറെ കണക്ക് എവിടെ എന്നും സുപ്രീംകോടതി ചോദിച്ചു.

തങ്ങൾക്കെതിരെ നടന്ന അതിക്രമത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്കു വിടുന്നതിനെ എതിർത്ത് മണിപ്പൂരിൽ നഗ്നപരേഡിനും കൂട്ട ബലാത്സംഗത്തിനും ഇരയായ രണ്ടു സ്ത്രീകൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ചോദ്യമുന്നയിച്ചത്. വിചാരണ അസമിലേക്കു മാറ്റുന്നതിനെയും സ്ത്രീകൾ എതിർത്തു. അതേസമയം, മണിപ്പൂരിലെ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

ആക്രമണത്തിനിരയായ യുവതികളുടെ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.

അതിജീവിതമാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് ഹാജരായത്. അക്രമികൾക്ക് പൊലീസ് എല്ലാ സഹകരണവും ചെയ്തതിനു തെളിവുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീകൾ സഹായം ചോദിച്ചുചെന്നപ്പോൾ ആൾക്കൂട്ടത്തിനിടയിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് പൊലീസ് ചെയ്തതെന്നും കപിൽ സിബൽ പറഞ്ഞു. വിഡിയോയിൽ പുറത്തുവന്നവർ മാത്രമല്ല ലൈംഗികമായി ആക്രമിക്കപ്പെട്ടതെന്നു മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്ങും ചൂണ്ടിക്കാട്ടി.

നിരവധി സ്ത്രീകൾ ലൈംഗികാതിക്രമത്തിനിരയായതിന് വ്യക്തമായ തെളിവുകളുണ്ടെന്നും അവർ പറഞ്ഞു. മണിപ്പൂരിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുന്നതിനോട് എതിർപ്പില്ലെന്നു കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *